ആം ആദ്മി എം.എല്‍.എയെ യു.പി പോലീസ് അറസ്റ്റ് ചെയ്തു; അറസ്റ്റിന് മുമ്പ് മഷിയേറും

റായ് ബറേലി- ആം ആദ്മി പാര്‍ട്ടിയുടെ ദല്‍ഹി എം.എല്‍.എ സോംനാഥ് ഭാരതിയുടെ മുഖത്ത് മഷി ഒഴിച്ചു. ഉത്തര്‍ പ്രദേശിലെ റായ് ബറേലിയിലാണ് സംഭവം. ഇതിനു പിന്നാലെ  മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സംസ്ഥാനത്തെ ആശുപ്രതികള്‍ക്കും അപകീര്‍ത്തിയുണ്ടാക്കിയെന്ന കേസില്‍ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു.

ഗ്രൂപ്പുകള്‍ തമ്മില്‍ ശത്രുത വളര്‍ത്തിയതിനും ഭീഷണിപ്പെടുത്തിയതിനുമാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു.

പോലീസ് അറസ്റ്റ് ചെയ്യുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് ഗസ്റ്റ് ഹൗസില്‍നിന്ന് പുറത്തിറങ്ങിയപ്പോഴാണ് യുവാവ് അദ്ദേഹത്തിന്റെ ദേഹത്ത് മഷിയൊഴിച്ചത്.

ആം ആദ്മി എം.എല്‍.എയുടെ ദേഹത്ത് മഷി എറിഞ്ഞ സംഭവം  അന്വേഷിച്ചുവരികയാണെന്ന് റായ് ബറേലി പോലീസ് സൂപ്രണ്ട് ശ്ലോക് കുമാര്‍ പറഞ്ഞു.

കുട്ടികള്‍ ജനിക്കുന്നുണ്ടെങ്കിലും അവ പട്ടിക്കുട്ടികളാണെന്നാണ് എം.എല്‍.എ കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നത്. യു.പിയില്‍ വനിതകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളുടെ പേരിലായിരുന്നു മുഖ്യമന്ത്രി ആദിത്യനാഥിന് വിമര്‍ശം.  

മുന്‍ ദല്‍ഹി മന്ത്രിയായിരുന്ന ഭാരതിയെ തിങ്കളാഴ്ച രാവിലെയാണ് അമേത്തി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച ബി.ജെ.പി പ്രവര്‍ത്തകന്‍ സോംനാഥ് സാഹു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്.

 

Latest News