ദുബായില്‍ ദാവൂദ് സംഘത്തെ തടയുമെന്ന് യു.എ.ഇ ഉറപ്പ് നല്‍കി

ന്യൂദല്‍ഹി- ഇന്ത്യ നല്‍കുന്ന ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദുബായില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റേയും കൂട്ടാളികളുടേയും പ്രവര്‍ത്തനങ്ങള്‍ തടയുമെന്ന് യു.എ.ഇ ഉറപ്പു നല്‍കി. ഇരു രാജ്യങ്ങളിലേയും രഹസ്യാന്വേഷണ ഏജന്‍സികള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇന്ത്യക്ക് ഭീഷണിയാകുന്ന ഒരു പ്രവര്‍ത്തനവും യു.എ.ഇ മണ്ണില്‍ അനുവദിക്കില്ലെന്നും ഇന്ത്യ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നുമാണ് യു.എ.ഇ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
അടുത്ത വര്‍ഷം ആദ്യാപാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി യു.എ.ഇയില്‍ രണ്ടാമത്തെ സന്ദര്‍ശനം നടത്താനിരിക്കെയാണ് ഇരു രാജ്യങ്ങളിലേയും ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹകരണം. ദാവൂദിന്റെ ഡി-കമ്പനി മുംബൈയില്‍ സജീവമാണെന്നും യു.ഇ.എയില്‍ ബിനാമികള്‍ മുഖേനയാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നതെന്നും പാക്കിസ്ഥാന്‍ ഇന്റലജിന്‍സാണ് യഥാസമയം വിവരങ്ങള്‍ നല്‍കി ദാവൂദിനെ സുരക്ഷിതനാക്കുന്നതെന്നും ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. 1993 ലെ മുംബൈ സ്‌ഫോടനങ്ങളില്‍ പ്രതി ചേര്‍ക്കപ്പെട്ട ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, ദാവൂദ് ഇബ്രാഹിമിന്റെ കാര്‍ ലേലത്തില്‍ പിടിച്ച് കത്തിച് ഹിന്ദുമഹാസഭാ നേതാവ് പുതിയ പ്രചാരണം ഊര്‍ജിതമാക്കി. ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ പൊളിച്ച് അവിടെ ശൗചാലയം നിര്‍മിക്കുമെന്ന് അഖിലേന്ത്യ ഹിന്ദുമഹാസഭാ പ്രസിഡന്റ് സ്വാമി ചക്രപാണി പറഞ്ഞു.  ദാവൂദിന്റെ ഉടമസ്ഥതയിലുള്ള ഭെണ്ടി ബസാറിലെ ദല്‍ഹി സെയ്ക എന്നപേരില്‍ അറിയപ്പെടുന്ന ഹോട്ടല്‍ റോണക് അഫ്രോസ് സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു. ദാവൂദിന്റേതായി അഞ്ച് വസ്തുവകകളും കൂട്ടത്തില്‍ കണ്ടുകെട്ടിയിരുന്നു. ഇവയെല്ലാം ലേലം ചെയ്യാനാണ് തീരുമാനം.
2015ല്‍ ലേലത്തില്‍ വെച്ചിരുന്നെങ്കിലും ഭീതികാരണം ലേലത്തിലെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. ഈ അവസ്ഥ മാറ്റാനാണ് താന്‍ ശ്രമിക്കുന്നതെന്ന് സ്വാമി ചക്രപാണി പറയുന്നു. ദാവൂദിനെ ഇന്ത്യന്‍ സര്‍ക്കാരുകളാണ് ഭീകരനായി ചിത്രീകരിച്ച് ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നതെന്ന് ചക്രപാണി പറയുന്നു. അതുകൊണ്ടാണ് ആരും ദാവൂദിന്റെ ആസ്തികള്‍ ലേലംകൊള്ളാന്‍ എത്താത്തതെന്നും അദ്ദേഹം പറഞ്ഞു. ദാവൂദിനെപ്പോലെയുള്ള ഭീരുക്കളെ പേടിക്കേണ്ടതില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് താന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദാവൂദിന്റെ ആസ്തികള്‍ ലേലത്തില്‍ പിടിക്കുന്നവര്‍ക്ക് താന്‍ ലേലത്തുകയുടെ 10 ശതമാനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. തനിക്ക് ദാവൂദിനോട് വ്യക്തിപരമായി യാതൊരു വിരോധമില്ലെന്നും എന്നാല്‍ ദാവൂദിനോടുള്ള ഭീതി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 2015 ലാണ് ദാവൂദിന്റെ കാര്‍ ലേലത്തില്‍ പിടിച്ച ഇദ്ദേഹം  ഗാസിയാബാദില്‍ ജനമധ്യത്തില്‍ അത് കത്തിച്ചത്.  തുടര്‍ന്ന് ദാവൂദ് അനുയായികളില്‍ നിന്ന് വധഭീഷണി നേരിടുന്ന ചക്രപാണിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കുന്നുണ്ട്. 
 

Latest News