റിയാദ് - ഹൂത്തി മിലീഷ്യകളെ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ അമേരിക്കൻ വിദേശ മന്ത്രാലയം തീരുമാനിച്ചു. ഹൂത്തി മിലീഷ്യ നേതാക്കളായ അബ്ദുൽമലിക് അൽഹൂത്തി, അബ്ദുൽഖാലിഖ് അൽഹൂത്തി, അബ്ദുല്ല അൽഹകീം എന്നിവരെ ഭീകര പട്ടികയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഭീകരപ്രവർത്തനങ്ങൾക്ക് കണക്കു ചോദിക്കാനാണ് ഹൂത്തി മിലീഷ്യകളെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നതെന്ന് അമേരിക്കൻ വിദേശ മന്ത്രി മൈക് പോംപിയോ പറഞ്ഞു.
ഇറാൻ അനുകൂല ഹൂത്തി മിലീഷ്യകളെ ഭീകര സംഘടനയായി പ്രഖ്യാപിക്കാനുള്ള തീരുമാനം വിദേശ മന്ത്രാലയം അമേരിക്കൻ കോൺഗ്രസിനെ അറിയിക്കും. അബ്ദുൽമലിക് അൽഹൂത്തി, അബ്ദുൽഖാലിഖ് ബദ്‌റുദ്ദീൻ അൽഹൂത്തി, അബ്ദുല്ല യഹ്‌യ അൽഹകീം എന്നീ ഹൂത്തി നേതാക്കളെ അന്താരാഷ്ട്ര ഭീകര പട്ടികയിൽ ഉൾപ്പെടുത്താനും ആലോചിക്കുന്നതായി മൈക് പോംപിയോ പ്രസ്താവനയിൽ പറഞ്ഞു. സാധാരണക്കാർക്കും പശ്ചാത്തല സൗകര്യങ്ങൾക്കും ചരക്ക് ഗതാഗതത്തിനും ഭീഷണി സൃഷ്ടിച്ച് അതിർത്തി കടന്നുള്ള ആക്രമണങ്ങൾ അടക്കം ഹൂത്തികൾ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾക്ക് അവരോട് കണക്കു ചോദിക്കാൻ ലക്ഷ്യമിട്ടാണ് ഹൂത്തികളെ ഭീകരരായി പ്രഖ്യാപിക്കുന്നത്.