തിരുവനന്തപുരം- പതിനാലുകാരനായ മകനെ അമ്മ പീഡിപ്പിച്ച കേസിൽ മൊഴിയിൽ ഉറച്ചു നിൽക്കുന്നതായി പരാതിക്കാരനായ കുട്ടി. ആരെയോ ഫോണിൽ വീഡിയോ കോൾ വിളിച്ച ശേഷമായിരുന്നു പീഡനമെന്നും ഇതൊക്കെ സാധാരണമാണെന്ന് അമ്മ തന്നോട് പറഞ്ഞിരുന്നെന്നും മകൻ പ്രതികരിച്ചതായി കൈരളി ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.
അമ്മയ്ക്ക് രഹസ്യഫോണുണ്ടായിരുന്നു. ഈ ഫോൺ ഉപയോഗത്തെ ചൊല്ലി വഴക്ക് നടന്നിരുന്നുവെന്നും അമ്മ രഹസ്യമായി ഉപയോഗിച്ച ഫോൺ സൈബർ സെല്ല് പരിശോധിക്കണമെന്നും മൂത്തമകൻ ആവശ്യപ്പെട്ടു. അറസ്റ്റിലായ യുവതിക്കെതിരെ ഭർത്താവ് വീണ്ടും രംഗത്തെത്തി. നൽകിയത് കള്ള പരാതിയല്ലെന്നും ഇയാൾ വ്യക്തമാക്കി.
കടയ്ക്കാവൂർ പോക്‌സോ കേസ് അന്വേഷണ ചുമതല ഐ.ജി ഹർഷിത അട്ടല്ലൂരിക്ക് നൽകി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്നലെ ഉത്തരവിറക്കിയിരുന്നു. കേസിൽ ഉയർന്ന ആരോപണങ്ങളും ഐ.ജി ഹർഷിത അട്ടല്ലൂരി അന്വേഷിക്കും.
മകനെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയിൽ തിരുവനന്തപുരം കടയ്ക്കാവൂരിൽ സ്ത്രീ അറസ്റ്റിലായിരുന്നു. ഇവർ നിലവിൽ റിമാൻഡിലാണ്. മകന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കുട്ടിയുടെ അമ്മ അറസ്റ്റിലായതിനു പിന്നാലെ ഇവരുടെ ബന്ധുക്കൾ ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ളവ രൂപവത്കരിച്ച് രംഗത്തെത്തിയിട്ടുണ്ട്. കുടുബവഴക്കിനെ തുടർന്ന് ഭർത്താവ് കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് കുട്ടിയുടെ അമ്മയുടെ വീട്ടുകാർ പറയുന്നത്.
കേസിൽ പോലീസ് എഫ്.ഐ.ആർ. തയ്യാറാക്കിയതിൽ വീഴ്ചയുണ്ടായതായി ആരോപിച്ച് ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വക്കേറ്റ് എൻ. സുനന്ദയും രംഗത്തെത്തിയിരുന്നു. ഈ കേസിന്റെ എഫ്.ഐ.ആറിൽ വിവരം നൽകിയ ആളുടെ സ്ഥാനത്ത് സുനന്ദയുടെ പേരാണ് നൽകിയിരിക്കുന്നത്. എന്നാൽ താൻ ഇത്തരത്തിലൊരു വിവരം നൽകിയിട്ടില്ലെന്നാണ് സുനന്ദ പറയുന്നത്. മാത്രമല്ല, എഫ്.ഐ.ആർ. തയ്യാറാക്കിയതിൽ പോലീസിന് വീഴ്ച പറ്റിയെന്നും സുനന്ദ പറയുന്നു. ഇത്തരത്തിലൊരു പരാതി ഒരിക്കലും സി.ഡബ്ല്യൂ.സിയുടെ ഭാഗത്തുനിന്ന് സാധാരണരീതിയിൽ പോലും പോലീസിന് കൈമാറാറില്ല.
ഈ കേസിൽ പരാതി ലഭിച്ചതിനു ശേഷം കൗൺസിലിങ്ങിന് വേണ്ടി മാത്രമാണ് പോലീസ് കുട്ടിയെ സി.ഡബ്ല്യൂ.സിക്ക് മുന്നിൽ ഹാജരാക്കിയതെന്നും സുനന്ദ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ കുട്ടിക്ക് കൗൺസിലിങ് നൽകുക മാത്രമാണ് സി.ഡബ്ല്യൂ.സി. ചെയ്തത്. മറിച്ച് പരാതി കൊടുക്കുകയോ ഇത്തരമൊരു സംഭവമുണ്ടെന്ന് പോലീസിനെ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നാണ് സി.ഡബ്ല്യൂ.സി. പറയുന്നത്






