Sorry, you need to enable JavaScript to visit this website.

കേന്ദ്ര ഇടപെടലിനായി ശോഭ പത്ത്  ദിവസം കൂടി കാത്തിരിക്കും

തിരുവനന്തപുരം- ബി.ജെ.പി സംസ്ഥാന നേതൃത്വം അവഗണിച്ചെന്ന പരാതി പരിഹരിച്ചില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ശോഭാസുരേന്ദ്രൻ മത്സരിക്കില്ല. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനായി പത്തുദിവസം കാത്തിരിക്കും.  ഇക്കാര്യം അനുനയ ചർച്ചകൾക്കായി എത്തിയ സംസ്ഥാന നേതാക്കളോട് പങ്കുവെച്ചിട്ടുണ്ടെന്നാണ് സൂചന. ശോഭാ സുരേന്ദ്രൻ നിസ്സഹകരണം തുടരുകയാണെങ്കിൽ ബി.ജെ.പിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ അത് വലിയ വെല്ലുവിളിയാകും. ശോഭ മത്സരിച്ചില്ലെങ്കിൽ ബി.ജെ.പി. ഒറ്റക്കെട്ടല്ലെന്ന വിഷയം പൊതുവായി ഉയരും. ഇപ്പോൾ നിശബ്ദയായിരിക്കുന്ന ശോഭാ സുരേന്ദ്രൻ നേതൃത്വത്തിനെതിരേ പരസ്യമായി രംഗത്ത് വരാനും കടുത്ത തീരുമാനമെടുക്കാനും തീരുമാനിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ പ്രതിസന്ധിയുണ്ടാകും. വിഷയത്തിൽ അമിത്ഷായും ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും ഇടപെടുമെന്ന ഉറപ്പാണ് കേരളത്തിന്റെ ചുമതലയുളള പ്രഭാരി സി.പി.രാധാകൃഷ്ണൻ ശോഭാ സുരേന്ദ്രന് നൽകിയിട്ടുളളത്. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് അനുകൂല ഇടപെടലിനായി പത്തുദിവസം കൂടി കാത്തിരിക്കുകയാണ് ശോഭയെന്ന് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
അതേസമയം ശോഭാസുരേന്ദ്രനെ അനുനയിപ്പിക്കാൻ എ.എൻ.രാധാകൃഷ്ണനെ ചുമതലപ്പെടുത്തിയെന്നാണ് പി.കെ.കൃഷ്ണദാസ് പക്ഷം വ്യക്തമാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ശോഭാസുരേന്ദ്രന്റെ പ്രശ്‌നം പരിഹരിക്കുമെന്ന് കൃഷ്ണദാസ് പക്ഷം ഉറപ്പുനൽകുന്നുണ്ട്. ശോഭ സുരേന്ദ്രൻ പ്രതീക്ഷിക്കുന്നത് കേന്ദ്രത്തിന്റെ നേരിട്ടുളള ഇടപെടലാണ്.

Latest News