Sorry, you need to enable JavaScript to visit this website.

കോവിഡ് ബാധിതര്‍ക്ക് ഫംഗസ് ബാധ,  കാഴ്ചശക്തി നഷ്ടപ്പെടുന്നു 

ന്യൂദല്‍ഹി-ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരില്‍ ചിലര്‍ക്ക് കാഴ്ചശക്തി നഷ്ടമാക്കുന്ന അത്യപൂര്‍വ ഫംഗസ് ബാധ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍. കോവിഡ് സ്ഥിരീകരിച്ചവരിലും അസുഖം ഭേദമായവരിലുമാണ് 'മ്യൂകോര്‍മൈകോസിസ്' എന്ന ഫംഗല്‍ ബാധ കണ്ടെത്തിയത്. ദല്‍ഹി സര്‍ ഗംഗാറാം ആശുപത്രിയില്‍ കഴിഞ്ഞ പതിനഞ്ചു ദിവസത്തിനിടെ പത്തു പേര്‍ക്കു ഫംഗല്‍ ബാധ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അണുബാധകളിലാണ് ഈ ഫംഗല്‍ ബാധ ഉണ്ടാവുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സാധാരണഗതിയില്‍ വര്‍ഷത്തില്‍ അഞ്ചു പേര്‍ക്കാണ് ശരാശരി മ്യൂകോര്‍മൈകോസിസ് കണ്ടെത്താറുള്ളത്. കഴിഞ്ഞ പതിനഞ്ചു ദിവസത്തിനിടെ പത്തു പേര്‍ക്കു ഫംഗല്‍ ബാധ കണ്ടെത്തിയത് ആശങ്കപ്പെടുത്തുന്നതാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രമേഹം, വൃക്കരോഗങ്ങള്‍, അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയവര്‍ എന്നിവരിലാണ് മ്യൂകോര്‍മൈകോസിസ് ബാധിക്കാറുള്ളത്. കോവിധ് ബാധിതര്‍ക്കു കൂടുതലായി സ്റ്റിറോയ്ഡ് മരുന്നുകള്‍ നല്‍കുന്നത് പ്രതിരോധ ശേഷിയെ ബാധിക്കുന്നുണ്ടാവുമെന്ന സംശയവും ഡോക്ടര്‍മാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
ഫംഗല്‍ ബാധ വന്നവരില്‍ ചിലര്‍ക്ക് കാഴ്ചശക്തി നഷ്ടമായെന്ന് മാത്രമല്ല അവരുടെ മൂക്കിലെ അസ്ഥി നീക്കം ചെയ്യേണ്ട അവസ്ഥയുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരത്തില്‍ രോഗം ബാധിച്ചവരില്‍ പകുതി പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ബാക്കി പകുതി ആളുകള്‍ക്ക് ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരികയും ചെയ്തു.

Latest News