Sorry, you need to enable JavaScript to visit this website.

കടയ്ക്കാവൂരിലെ വിവാദ കേസില്‍ വീണ്ടും കുട്ടിയുടെ മൊഴിയെടുക്കണമെന്ന് ആവശ്യം

തിരുവനന്തപുരം- കടയ്ക്കാവൂരില്‍  യുവതിയെ പോക്‌സോ ചുമത്തി ജയിലിലടച്ച സംഭവത്തില്‍ മൊഴി നല്‍കിയ മകനെ വീണ്ടും കൗണ്‍സിലിങിനു വിധേയമാക്കണമെന്നും മൊഴിയെടുക്കണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം കോടതിയെ സമപിക്കുന്നു. പതിമൂന്നുകാരനായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തിരുന്നത്.

ഡിസംബര്‍ 18 ന് പോക്‌സോ കേസ് ഫയല്‍ ചെയ്ത കടയ്ക്കാവൂര്‍ പോലീസ് 22 നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.  അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന യുവതി നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയുണ്ടാകുമെന്ന് കരുതുന്നു.
കേസില്‍ ദുരൂഹത വര്‍ധിക്കുകയും  കടയ്ക്കാവൂര്‍ പോലീസ് പ്രതിക്കൂട്ടിലാകുകയും ചെയ്തതോടെ അന്വേഷണ ചുമതല ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിക്കു കൈമാറിയിരിക്കയാണ്.  

അന്വേഷണത്തിന് ഐ.ജിയെ ചുമതലപ്പെടുത്തി ഡി.ജി.പി ഉത്തരവിട്ടതും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നല്‍കാത്ത വിവരങ്ങള്‍ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയെന്ന സിഡബ്ല്യൂസി ചെയര്‍പേഴ്‌സണിന്റെ വെളിപ്പെടുത്തലും കോടതിയുട ശ്രദ്ധയില്‍ പെടുത്താനാണ് യുവതിയുടെ കുടുംബം തീരുമാനിച്ചിരിക്കുന്നത്.

ഭര്‍ത്താവിന്റെ രണ്ടാംവിവാഹത്തെ എതിര്‍ത്തതും ജീവനാംശത്തിനായി പരാതി നല്‍കിയതുമാണ് മകനെ ഉപയോഗിച്ച് പീഡനപരാതി കെട്ടിച്ചമക്കാന്‍ കാരണമെന്നാണ് യുവതിയുടെ മാതാപിതാക്കളുടെ ആരോപണം.  

പതിനേഴും പതിനൊന്നും പതിമൂന്നും വയസ്സുള്ള മൂന്ന് ആണ്‍മക്കളും ആറു വയസ്സായ മകളുമാണ് ഇവര്‍ക്കുള്ളത്. പെരുംകുളം സ്വദേശിയായ ഭര്‍ത്താവ് വിദേശത്തു ജോലിക്കു പോയ ശേഷം നാട്ടിലെത്തുമ്പോഴെല്ലാം സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.

വിവാഹബന്ധം വേര്‍പെടുത്താതെ 2019ല്‍ ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചു താമസം മാറ്റി. മൂന്നാമത്തെ മകനൊഴികെ കുട്ടികളെ ബലമായി വിദേശത്തേക്കു കൊണ്ടുപോയിരുന്നു.  കുട്ടികളുടെ സംരക്ഷണത്തിനും ജീവനാംശത്തിനുമായി യുവതി ആറ്റിങ്ങല്‍ കുടുംബ കോടതിയില്‍ ഹജി നല്‍കിയതും കള്ളക്കേസുണ്ടാക്കാന്‍ യുവതിയുടെ ഭര്‍ത്താവിനെ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം.  ജ്യേഷ്ഠനെ ഭീഷണിപ്പെടുത്തിയാണ് മാതാവിനെതിരെ മൊഴി നല്‍കിച്ചതെന്ന് ഇളയ കുട്ടി പറഞ്ഞിരുന്നു.

 

 

Latest News