Sorry, you need to enable JavaScript to visit this website.
Monday , January   25, 2021
Monday , January   25, 2021

2021 - അഞ്ചു ധനകാര്യ പരിഷ്‌കരണങ്ങൾ

1 ) ചെക്ക് ഇടപാടുകൾക്ക് പുതിയ രീതി

റിസർവ് ബാങ്ക് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ചെക്ക് തട്ടിപ്പുകൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒരു 'പോസിറ്റീവ് പേ സിസ്റ്റം ' അവതരിപ്പിച്ചത്. ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന ഈ പുതിയ ചട്ടപ്രകാരം, 50,000 രൂപയിൽ കൂടുതൽ പേയ്മെന്റ് നടത്തുന്നവർക്ക് ചില സുപ്രധാന വിശദാംശങ്ങൾ വീണ്ടും സ്ഥിരീകരിക്കേണ്ടതായി വരും. വഞ്ചനാപരമായ പ്രവർത്തനം കണ്ടെത്തുന്നതിന് രൂപകൽപ്പന ചെയ്ത രീതിയാണ് പോസിറ്റീവ് പേ. ക്ലിയറിംഗിനായി ഹാജരാക്കിയ ചെക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ, ചെക്ക് നമ്പർ, ചെക്ക് തീയതി, പണമടച്ചയാളുടെ പേര്, അക്കൗണ്ട് നമ്പർ, തുക, മറ്റ് വിശദാംശങ്ങൾ എന്നിവ പുനഃപരിശോധിക്കും.ചെക്കിന്റെ ചില മിനിമം വിശദാംശങ്ങൾ ഗുണഭോക്താവിന്റെ / പണമടച്ചയാളുടെ പേര്, തുക, ഇലക്ട്രോണിക് വഴി എസ്എംഎസ്, മൊബൈൽ ആപ്ലിക്കേഷൻ, ഇന്റർനെറ്റ് ബാങ്കിംഗ്, എടിഎം, തുടങ്ങിയ ചാനലുകൾ വഴി പരിശോധിച്ച വിവരം ചെക്ക് നൽകിയ ബാങ്കിലേക്കും പിൻവലിക്കുന്ന ബാങ്കിലേക്കും നൽകും. 
എന്തെങ്കിലും പൊരുത്തക്കേട് കണ്ടാൽ ചെക്ക് നൽകിയ ബാങ്കിനെയും പിൻവലിക്കുന്ന ബാങ്കിനെയും സി.ടി.എസ്. (ചെക്ക് ട്രാൻസാക്ഷൻ സിസ്റ്റം) ഈ വിവരങ്ങൾ തൽക്ഷണം കൈമാറും. ചെക്ക് ഇടപാടുകൾക്ക് ഇത്തരത്തിൽ ഇരട്ടി സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന 'പോസിറ്റീവ് പേ' സംവിധാനം തെരഞ്ഞെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. എന്നാൽ, അഞ്ച് ലക്ഷം രൂപയിൽ കൂടുതൽ തുക വരുന്ന ചെക്കിന് സ്വമേധയാ പോസിറ്റീവ് പേ സംവിധാനം ഏർപ്പെടുത്തുന്ന കാര്യം ബാങ്കുകൾ പരിഗണിച്ചേക്കും.

2 ) എല്ലാ കാറുകൾക്കും ഫാസ്ടാഗ് നിർബന്ധം

ടോൾ പിരിവ് കൂടുതൽ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ട് പുതുവർഷം മുതൽ എല്ലാ നാലു ചക്രവാഹനങ്ങൾക്കും ഫാസ്ടാഗ് നിർബന്ധമാക്കുമെന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ(ആർ എഫ് ഐ ഡി) അടിസ്ഥാനമാക്കുന്ന ഫാസ്ടാഗ് വഴി ടോൾ പിരിച്ച് ഡിജിറ്റൽ ഐ ടി അധിഷ്ഠിത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യമെന്നും മന്ത്രാലയത്തിന്റെ വിജ്ഞാപനം പറയുന്നു. ഫാസ്ടാഗില്ലാത്ത വാഹനങ്ങൾക്കു രാജ്യത്തെ എല്ലാ ടോൾ പ്ളാസകളിലും ജനുവരി ഒന്നുമുതൽ ഇരട്ടി തുക കൊടുക്കേണ്ടിവരും. മാത്രമല്ല അവിടെവച്ചുതന്നെ ഫാസ്ടാഗ് എടുക്കേണ്ടിയും വരും. നാലു ചക്രമുള്ളതും എം, എൻ വിഭാഗങ്ങളിൽ പെടുന്നതുമായ പഴയ വാഹനങ്ങൾക്കും 2021 ജനുവരി ഒന്നു മുതൽ ഫാസ്ടാഗ് നിർബന്ധമാണെന്നാണു കേന്ദ്ര മന്ത്രാലയത്തിന്റെ പ്രഖ്യാപനം. 1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമ(സി എം വി ആർ)ത്തിൽ ആവശ്യമായ ഭേദഗതി വരുത്തിയാണു 2017 ഡിസംബർ ഒന്നിനു മുമ്പ് വിറ്റ നാലുചക്ര വാഹനങ്ങൾക്കും ഫാസ്ടാഗ് നിർബന്ധമാക്കിയിരിക്കുന്നത്. 2017 ഡിസംബർ ഒന്നിനു ശേഷം വിറ്റ നാലു ചക്രവാഹനങ്ങൾക്ക് നേരത്തെ തന്നെ ഫാസ്ടാഗ്  നിർബന്ധമാക്കിയിരുന്നു. പുതിയ വാഹനങ്ങളിൽ വിൽപനവേളയിൽ തന്നെ പതിക്കാനായി വാഹന നിർമാതാക്കൾക്കും ഡീലർമാർക്കും 'ഫാസ്ടാഗ് ' ലഭ്യമാക്കിയിട്ടുണ്ട്.

3 ) ആവർത്തിച്ചുള്ള ഇടപാടുകൾക്കായി ഇ- മാൻഡേറ്റുകളിൽ ഇളവ്

ആവർത്തിച്ചുള്ള ഇടപാടുകൾക്കായി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ ഇമാൻഡേറ്റുകൾ 2,000 രൂപ എന്നത് ഉയർത്തുന്നു. 2020 ഡിസംബറിലെ ദൈ്വമാസ ധന നയത്തിൽ, ഈ പരിധി 2000 എന്നതിൽ നിന്ന് 2020 ജനുവരി 1 മുതൽ 5000 രൂപയായി ഉയർത്തുമെന്ന് തീരുമാനമായി. ഇത്തരത്തിൽ ആവർത്തിച്ചുളള യുപിഐ, ക്രെഡിറ്റ് ഡെബിറ്റ് കാർഡ് മാൻഡേറ്റുകൾ 5,000 രൂപ വരെ പേയ്‌മെന്റ് നടത്താൻ ഉപഭോക്താക്കളെ സഹായിക്കും. ഉപയോക്താക്കൾക്ക് ചെറിയ മൂല്യമുള്ള പേയ്‌മെന്റുകൾ ഡിജിറ്റലായി നടത്തുന്നത് ഇത് എളുപ്പമാക്കും. റീറ്റെയ്ൽ വ്യാപാരികൾക്കും ഇത് ഉപകാരപ്പെടും.

4 ) രണ്ട് വട്ട ഓതന്റിക്കേഷൻ കൂടാതെ 5000 വരെ ഇടപാടുകൾ

ജനുവരി ഒന്നുമുതൽ രണ്ട് വട്ട ഓതന്റിക്കേഷൻ കൂടാതെ ഉപയോക്താക്കൾക്ക് കോൺടാക്റ്റ്ലെസ് കാർഡുകൾ ഉപയോഗിച്ച് 5,000 രൂപ വരെ ഇടപാടുകൾ നടത്താം. വ്യവസായ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ നീക്കം ഉപഭോക്താക്കളെ തടസ്സരഹിതമായ രീതിയിൽ കൂടുതൽ സമ്പർക്കമില്ലാത്ത പേയ്‌മെന്റുകൾ നടത്താനും അതുവഴി നിലവിലെ കോവിഡ് സാഹചര്യത്തിൽ ബിസിനസ് തടസ്സങ്ങളില്ലാതെ മുന്നോട്ട് കൊണ്ട് പോകാനും സഹായിക്കും.

5) നിർബന്ധിത സ്റ്റാൻഡേർഡ് ലൈഫ് ടേം ഇൻഷുറൻസ്

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) 2021 ജനുവരി 1 മുതൽ ലൈഫ് ഇൻഷുറൻസ്്് കമ്പനികൾക്ക് ഒരു സ്റ്റാൻഡേർഡ് വ്യക്തിഗത ലൈഫ് ടേം ഇൻഷുറൻസ് പോളിസി നൽകൽ നിർബന്ധിതമാക്കി.ഈ സ്റ്റാൻഡേർഡ് ടേം ഇൻഷുറൻസ് സരൾ ജീവൻ ബിമ എന്നാണ് അറിയപ്പെടുക. ഇതനുസരിച്ച് ജീവനക്കാർക്ക് ചുരുങ്ങിയത് 5 ലക്ഷം രൂപ മുതൽ പരമാവധി 25 ലക്ഷം രൂപ ഇൻഷ്വർ തുക ഉറപ്പു വരുത്തുന്നു. ഇത്തരത്തിലുള്ള ലൈഫ് ഇൻഷുറൻസ് പദ്ധതികൾ പുറത്തിറക്കാനാണ് ഇൻഷുറൻസ് കമ്പനികളോട് ഐ.ആർ.ഡി.എ.ഐയുടെ നിർദേശം.
 

Latest News