Sorry, you need to enable JavaScript to visit this website.

പൊന്നിന് വില കുറയുന്നു, 'കറുത്ത പൊന്നി'ന് ഡിമാന്റ് മങ്ങുന്നു

മഴയുടെ അപ്രതീക്ഷിത തിരിച്ചു വരവ് ഏലം വിളവെടുപ്പ് മാർച്ച് വരെ തുടരാൻ അവസരം ഒരുക്കുമെന്ന പ്രതീക്ഷയിൽ ഉൽപാദകർ, വിദേശ മാർക്കറ്റുകളിൽ റബർ ഉയർന്നിട്ടും ആഭ്യന്തര നിരക്ക് ഇടിഞ്ഞു. കുരുമുളകിന് ഡിമാൻറ് മങ്ങി. നാളികേരോൽപ്പന്നങ്ങളുടെ വിലയിൽ നേരിയ ഉണർവ്. രാജ്യാന്തര സ്വർണ വില ഇടിഞ്ഞു, വിവാഹ പാർട്ടികൾക്ക് മുന്നിലുള്ളത് സുവർണാവസരം.
വരൾച്ചയിൽ നിന്ന് തോട്ടം മേഖലയ്ക്ക് ആശ്വാസം പകർന്ന് മഴ എത്തിയത് ഏലം ഉൽപാദകരിൽ ആശ്വാസമായി. വരൾച്ച മൂലം ഏലം വിളവെടുപ്പ് പ്രതിസന്ധിയിൽ നീങ്ങിയഘട്ടത്തിലാണ് മഴയുടെ വരവ്. പുതിയ സാഹചര്യത്തിൽ മാർച്ച് വരെ വിളവെടുപ്പ് മുന്നോട്ട് കൊണ്ടു പോകാനാവുമെന്ന കണക്ക് കൂട്ടലിലാണ് ഉൽപാദകർ. ഏലക്ക കിലോഗ്രാമിന് 2000 രൂപയ്ക്ക് മുകളിലാണ് ഇടപാടുകൾ നടക്കുന്നതെങ്കിലും കാർഷിക ചിലവുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വില അത്ര ആകർഷണമല്ല.
  ഓഫ് സീസണിൽ ഏലം വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയിൽ വൻകിടക്കാർ ചരക്ക് ഇറക്കുന്നത് നിയന്ത്രിക്കുന്നുണ്ട്. വാരമധ്യം വരെ ലേലത്തിൽ വരവ് അത്രശക്തമല്ലായിരുന്നങ്കിലും അവസാന ദിവസങ്ങളിൽ കാലാവസ്ഥ മാറ്റം സ്റ്റോക്കിസ്റ്റുകളെ വിൽപ്പനക്കാരാക്കി. ആഭ്യന്തര വിദേശ വാങ്ങലുകാർ ലേലത്തിൽ സജീവമാണ്. ഇതിനിടയിൽ അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനം പഴ വർഗ്ഗങ്ങളെയും കിഴങ്ങ് വർഗ്ഗങ്ങളെയും നെല്ല്, റബർ, മാവ്, പ്ലാവ് തുടങ്ങിയവയുടെ ഉൽപാദനത്തെ ബാധിക്കുമെന്നാണ് കർഷകരുടെ പക്ഷം.      
      രാജ്യാന്തര റബർ മാർക്കറ്റിൽ പിന്നിട്ടവാരം വില ഉയർന്നെങ്കിലും ഇന്ത്യൻ വിപണി തളർച്ചയിലാണ്. ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ റബർ ക്വിൻറ്റലിന് 15,735 രൂപയിൽ നിന്ന് 16,330 രൂപയായി ഉയർന്നു, എന്നാൽ കേരളത്തിൽ നാലാം ഗ്രേഡ് 15,300 ൽ നിന്ന് 15,200 ലേയ്ക്ക് താഴ്ന്നു. അഞ്ചാം ഗ്രേഡ് 14,100 രൂപയിലാണ്. സംസ്ഥാനത്ത് റബർ ടാപ്പിങ് മികച്ച രീതിയിൽ മുന്നേറിയെങ്കിലും വിപണികളിൽ ഷീറ്റ് വരവ് നാമമാത്രമാണ്. വില ഇടിച്ച് ഷീറ്റ് സംഭരിക്കുന്ന വ്യവസായികളുടെ പതിവ് തന്ത്രം കണക്കിലെടുത്ത് ഉൽപാദകർ സ്റ്റോക്കിസ്റ്റുകളായി. ഓഫ് സീസണിൽ മെച്ചപ്പെട്ട വില ലഭിക്കുമെന്ന കണക്ക് കൂട്ടലിലാണ് കാർഷിക മേഖല.  
     ഉത്തരേന്ത്യൻ ആവശ്യക്കാർ എത്തിയിട്ടും കുരുമുളക് വില ക്വിൻറ്റലിന് 500 രൂപ താഴ്ന്നു. സീസൺ അടുത്ത് മുന്നിൽ കണ്ട് സ്റ്റോക്കിസ്റ്റുകൾ ചരക്ക് വിൽപ്പനയ്ക്ക് ഇറക്കി. ഉത്തരേന്ത്യയിൽ സ്റ്റോക്കുള്ള ചരക്ക് പരമാവധി വേഗത്തിൽ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് പലരും. കൊച്ചിയിൽ അൺ ഗാർബിൾഡ് 33,100 ൽ നിന്ന് 32,600 രൂപയായി. 
   രാജ്യാന്തര സുഗന്ധവ്യഞ്ജന വിപണി അവധി ദിനങ്ങൾക്ക് ശേഷം സജീവമായെങ്കിലും യു എസ്-യൂറോപ്യൻ ബയ്യർമാർ തിരക്കിട്ടുള്ള ചരക്ക് സംഭരണത്തിന് തയ്യാറായില്ല. മലബാർ കുരുമുളക് വില ടണ്ണിന് 5000 ഡോളറാണ്. ബ്രസീൽ ടണ്ണിന് 2600 ഡോളറിനും ഇന്തോനേഷ്യയും വിയറ്റ്‌നാമും 2900 ഡോളറിനും ശ്രീലങ്കൻ 3500 ഡോളറിനും ക്വട്ടേഷൻ ഇറക്കി. 
   നാളികേരോൽപ്പന്നങ്ങളുടെ വിലയിൽ നേരിയ വർദ്ധന. കൊച്ചിയിൽ വെളിച്ചെണ്ണ വില 100 രൂപ ഉയർന്ന് 19,400 രൂപയായി. കൊപ്ര 12,700 രൂപയിലുമാണ്. 
   കേരളത്തിൽ സ്വർണ വില വാരാന്ത്യം ഇടിഞ്ഞു.  ആഭരണ കേന്ദ്രങ്ങളിൽ പവൻ 37,520 രൂപയിൽ നിന്ന് 38,400 വരെ ഉയർന്ന ശേഷം ശനിയാഴ്ച്ച നിരക്ക് 37,040 ലേയ്ക്ക് ഇടിഞ്ഞു. ഗ്രാമിന് വില 4630 രൂപ. വിവാഹ പാർട്ടികൾക്ക് ആശ്വാസം പകരുന്ന ദിനങ്ങളാണ് മുന്നിലുള്ളത്. ഡിസംബറിലെ 35,520 രൂപയിൽ പവന് നിലവിൽ താങ്ങുണ്ട്. ആ റേഞ്ചിലേയ്ക്ക് സ്വർണ വില താഴാമെങ്കിലും രാജ്യാന്തര നിരക്കിൽ വീണ്ടും കുറവ് സംഭവിക്കണം. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1849 ഡോളറാണ് വില. 


 

Latest News