Sorry, you need to enable JavaScript to visit this website.

ഏഷ്യൻ മാർക്കറ്റുകളിൽ ബുൾ തരംഗം

അമേരിക്കൻ യുറോപ്യൻ ഓഹരി വിപണികളിലെ ബുൾ തരംഗം ഏഷ്യൻ മാർക്കറ്റുകളെ പുളകം കൊള്ളിച്ചു. പുതു വർഷത്തിന്റെ ആദ്യവാരം മനോഹരമാക്കാൻ ഫണ്ട് ഭീമൻമാർ സംഘടിതമായി ആഗോള ഓഹരി വിപണികളിൽ വൻ നിക്ഷേപം നടത്തിയത് റെക്കോർഡ് കുതിപ്പിന് അവസരം ഒരുക്കി.
കാളക്കൂറ്റന്മാർ ബ്ലൂചിപ്പ് ഓഹരികളിൽ പിടിമുറുക്കിയത് ബോംബെ സെൻസെക്‌സിനെയും നിഫ്റ്റിയെും പുതിയ ഉയരങ്ങളിൽ എത്തിച്ചു. നിഫ്റ്റി സൂചിക 2.35 ശതമാനവും സെൻസെക്‌സ് രണ്ട് ശതമാനവും കയറി. പിന്നിട്ടവാരം ബി എസ് ഇ 913 പോയിന്റും നിഫ്റ്റി 328 പോയിന്റും ഉയർന്നു.
ഈ വാരം സൂചികയുടെ ചലനങ്ങൾ മുഖ്യമായും വിദേശ ഫണ്ടുകളുടെ നീക്കങ്ങളെ ആസ്പദമാക്കിയാവും. കഴിഞ്ഞവാരം അവർ 4203 കോടി രൂപ നിക്ഷേപിച്ചു, ഈ മാസത്തെ മൊത്തം വാങ്ങൽ 4819 കോടി രൂപയാണ്.  
സെൻസെക്‌സ് വെളളിയാഴ്ച്ച റെക്കോർഡായ 48,854.34 പോയിന്റ് എത്തിയ ശേഷം 48,782 പോയിന്റിൽ ക്ലോസ് ചെയ്തു. ഓപ്പണിങ് വേളയിൽ സെൻസെക്‌സ് 47,869 ലായിരുന്നു. ഈവാരം 47,966 ലെ ആദ്യ സപ്പോർട്ട് നിലനിർത്തി 49,226-49,670 നെ ലക്ഷ്യമാക്കാമെങ്കിലും റെക്കോർഡ് ഉയരത്തിലായതിനാൽ ഏത് അവസരത്തിലും ലാഭമെടുപ്പിനുള്ള സാധ്യത ചാഞ്ചാട്ടത്തിന് ഇടയാക്കാം. ഒരു മാസത്തിൽ സൂചിക വാരികൂട്ടിയത് 3174 പോയിന്റാണ്. സെൻസെക്‌സ് തുടർച്ചയായ പത്താം വാരത്തിലും നേട്ടം നിലനിർത്തി. 2009 ജൂണിന് ശേഷം ഇത്തരം ഒരു റാലി വിപണിയിൽ ആദ്യമാണ്.  
14,018 ൽ നിന്നും നിഫ്റ്റി ഓപ്പണിങ് ദിനത്തിൽ 13,953 ലേയ്ക്ക് പരീക്ഷണം നടത്തിയഘട്ടത്തിൽ മുൻ നിര ഓഹരികളിൽ വാങ്ങൽ താൽപര്യം കനത്ത് കുതിപ്പിന് വേഗത പകർന്നു. നിഫ്റ്റി ചരിത്രത്തിൽ ആദ്യമായി 14,367.34 പോയിന്റ് വരെ കയറി റെക്കോർഡ് സ്ഥാപിച്ച ശേഷം 14,347 ൽ ക്ലോസ് ചെയ്തു. പിന്നിട്ട പത്ത് ആഴ്ച്ചകളിൽ ഒൻപതിലും തിളങ്ങിയ സൂചിക ഈ കാലയളവിൽ 2800 പോയിന്റ് ഉയർന്നു.  
വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ നിഫ്റ്റി സൂചികയ്ക്ക് 14,491-14,636 പോയിന്റിൽ പ്രതിരോധമുണ്ട്. തിരുത്തൽ സാധ്യത തള്ളിക്കളായാനാവില്ല, 14,077-13,808 ലെ സപ്പോർട്ട് നിലനിർത്തിയാൽ ഫെബ്രുവരി സീരീസിൽ 15,000 ലേയ്ക്ക് പ്രവേശിക്കാനാവും. ചെറുകിട നിക്ഷേപകർ വരും ദിനങ്ങളിൽ ലാഭമെടുപ്പിന് ഉത്സാഹിക്കാം. 
ഒക്ടോബർ മുതൽ സെല്ലിങ് മൂഡിലായ യു എസ് ഡോളർ ഇൻഡക്‌സ് തിരിച്ചു വരവിനുള്ള ശ്രമത്തിലാണ്. 92.82 ൽ നിന്ന് ഇതിനകം 89.05 വരെ താഴ്ന്ന ശേഷം 90.02 ലാണ്. അമേരിക്കൻ രാഷ്ട്രീയ പിരിമുറുക്കങ്ങൾ ഒഴിവാകുന്നതോടെ ഡോളർ തിളങ്ങാനുള്ള സാധ്യത മുൻ നിർത്തി ഓപ്പറേറ്റർമാർ കവറിങിന് ശ്രമിക്കാം.  
   ഡോളർ സൂചികയിൽ പുൾബാക്ക് റാലി ഉടലെടുത്താൽ വിദേശ ഫണ്ടുകൾ അവരുടെ നിക്ഷേപതോത് കുറക്കാം. രൂപയുടെ മൂല്യം 73.12 ൽ നിന്ന് 73.31 ലേയ്ക്ക് ദുർബലമായത് ഇതിന്റെ സൂചനയായി വിലയിരുത്താം. 
കോർപ്പറേറ്റ് മേഖലയിൽ നിന്നുള്ള മൂന്നാം ക്വാർട്ടറിലെ പ്രവർത്തന റിപ്പോർട്ടുകളെ വീക്ഷിക്കുകയാണ് വിദേശ ഓപ്പറേറ്റർമാർ. പ്രത്യേകിച്ച് മുൻനിര ഐടി കമ്പനികളുടെ ഫലങ്ങളെ. ഇന്ന് ടി സി എസ് റിപ്പോർട്ടിനോട് വിപണി പ്രതികരിക്കും.
ക്രൂഡ് ഓയിൽ ഉൽപാദനം അടുത്ത മാസം മുതൽ കുറയ്ക്കാനുള്ള സൗദി അറേബ്യയുടെ നീക്കം എണ്ണ വില ഉയർത്തി. മുന്ന് മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിൽ  ന്യൂയോർക്കിൽ എണ്ണ ബാരലിന് 52.60 ഡോളറായി. ആഗോള വിപണിയിൽ വാരാന്ത്യം സ്വർണത്തിൽ ശക്തമായ വിൽപ്പന സമ്മർദ്ദം. ഒരു വേള ട്രോയ് ഔൺസിന് 1960 ഡോളറിൽ വ്യാപാരം നടന്ന മഞ്ഞലോഹം വെള്ളിയാഴ്ച്ച 1828 ഡോളറിലേയ്ക്ക് ഇടിഞ്ഞ ശേഷം ക്ലോസിങിൽ 1849 ഡോളറിലാണ്. സ്വർണ വില 100 ദിവസത്തെ ശരാശരിയിലും താഴ്ന്നത് വിൽപ്പന സമ്മർദ്ദം രൂക്ഷമാക്കി.
 

Latest News