Sorry, you need to enable JavaScript to visit this website.

ഈരാറ്റുപേട്ടയിലെ മുസ്‌ലിം സമൂഹം എല്ലാം 'പൊരുത്തപ്പെട്ടു' തന്നു -പി.സി ജോർജ്

  • ജനപക്ഷം യു.ഡി.എഫിലെത്തുമെന്ന സൂചന നൽകി പി.സി ജോർജ്   

കോട്ടയം - ജനപക്ഷം യു.ഡി.എഫിലെത്തുമെന്ന സൂചന നൽകി പി.സി ജോർജ് എംഎൽഎ.  പുതുപ്പള്ളിയും കോട്ടയം മണ്ഡലവും ഒഴികെ ജില്ലയിൽ എവിടെ നിന്നും നിയമസഭയിലേക്ക്് മത്സരിക്കാൻ തയാറാണെന്ന് ഷോൺ ജോർജ്. ഉമ്മൻ ചാണ്ടി യുഡിഎഫിനെ മുന്നിൽനിന്നു നയിക്കണം. ഉമ്മൻ ചാണ്ടിയുമായി ഒരു തർക്കവുമില്ല - പി.സി നയം വ്യക്തമാക്കി. കോട്ടയം പ്രസ്‌ക്ലബിൽ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. താൻ പൂഞ്ഞാർ മണ്ഡലത്തിൽ നിന്നു തന്നെ ജനവിധി തേടും.  ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തെ തന്റെ വിവാദ പരാമർശത്തിന്  ഈരാറ്റുപേട്ടയിലെ മുസ്‌ലിം സമൂഹം എല്ലാം 'പൊരുത്തപ്പെട്ടു' തന്നു. കോട്ടയത്ത് പുതുപ്പള്ളിയും കോട്ടയവും ഒഴികെ ഏതു മണ്ഡലത്തിലും മത്സരിക്കാനുളള യോഗ്യതയുണ്ട്. പാലായിലും മത്സരിക്കാം. താൻ പൂഞ്ഞാറിൽ തന്നെ മത്സരിക്കുമെന്നും ജോർജ് പറഞ്ഞു.

ഉമ്മൻ ചാണ്ടി യുഡിഎഫിന്റെ മുൻനിരയിൽ നിൽക്കണം. ഇടതു സർക്കാരിനെതിരെയുളള സമരം അദ്ദേഹം നയിക്കണം. ഉമ്മൻ ചാണ്ടിയുമായി തർക്കം ഒന്നുമില്ല. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ഇന്നു ചേരുന്ന യോഗത്തിൽ തീരുമാനം പ്രതീക്ഷിക്കുന്നു. നേതാക്കൾ എല്ലാം അനുകൂലമാണ്. തനിക്കെതിരെ ഉണ്ടായ മുഴുവൻ എതിർപ്പുകളും മാറി. കഴിഞ്ഞ നാലു വർഷമായി ഉമ്മൻ ചാണ്ടിയുമായി ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഒരു നേതാവും തന്റെ മുന്നണി പ്രവേശനത്തെ എതിർക്കുന്നില്ല എന്നും പി.സി ജോർജ് പറഞ്ഞു. ചില പ്രാദേശികമായ എതിർപ്പുകൾ ഉണ്ട്. എന്നാൽ താൻ അതിന് വലിയ വില കൽപ്പിക്കുന്നില്ല മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള കക്ഷികൾ താൻ വരുന്നതിനോട് വലിയ തോതിൽ അനുകൂല നിലപാടാണ് പ്രകടിപ്പിക്കുന്നത് എന്നും ജോർജ് പറയുന്നു. ആന്റോ ആന്റണി എംപിയുമായും തനിക്ക് പ്രശ്‌നമില്ല. 

തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഉണ്ടായ  തിരിച്ചടിയാണ് ജോർജിനെ മുന്നണിയിൽ എടുക്കുന്ന കാര്യത്തിൽ യുഡിഎഫിലെ ചർച്ച തുടങ്ങിയത്്. താൻ ഒപ്പം ഉണ്ടായിരുന്നുവെങ്കിൽ നാല് ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ യുഡിഎഫ് പരാജയപ്പെടില്ലായിരുന്നു എന്നും പി.സി ജോർജ് പറയുന്നു. മുണ്ടക്കയം, എരുമേലി, ഭരണങ്ങാനം, കുറവിലങ്ങാട് സീറ്റുകളാണ് ജോർജ് ചൂണ്ടിക്കാട്ടുന്നത്. ഈ നാല് സീറ്റുകൾ ലഭിച്ചിരുന്നുവെങ്കിൽ ജില്ലാ പഞ്ചായത്തിൽ ഭരണം ഉറപ്പായിരുന്നു എന്നും ജോർജ് പറയുന്നു.


2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താണ് പി.സി ജോർജ് ഈരാറ്റുപേട്ടയിലെ മുസ്‌ലിം  വിഭാഗങ്ങൾക്കെതിരെ നടത്തിയ ഫോൺ സംഭാഷണം വിവാദമായത്.  മുസ്ലിം വിഭാഗങ്ങളിലുള്ളവർ തീവ്രവാദികളായി മാറുന്നു എന്നായിരുന്നു പ്രസ്താവന. അന്ന് ബി.ജെ.പിയുമായി ചേർന്ന് നിന്ന സമയത്തായിരുന്നു ജോർജ് സംസാരിച്ചത്. ഇതിന് മാപ്പു പറഞ്ഞുകൊണ്ടാണ് പി.സി ജോർജ് സംസാരിച്ചു തുടങ്ങിയത്്. ഈരാറ്റുപേട്ടയിലെ മുസ്‌ലിം വിഭാഗവുമായുള്ള പ്രശ്‌നം 'പൊരുത്തപ്പെട്ടതാണ്'. അവർ പൊരുത്തപ്പെട്ടാൽ പിന്നീട് പ്രശ്‌നമില്ല. ആ വിഭാഗത്തിൽ നിന്നുള്ളവർ മാപ്പ് അംഗീകരിച്ചതായി ജോർജ് ചൂണ്ടിക്കാട്ടി.

ജില്ലാ പഞ്ചായത്തിൽ വിജയിച്ച ഷോൺ ജോർജ്് നിയമസഭാ സീറ്റ് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കി. സീനിയർ നേതാക്കളുളള കോട്ടയത്തും പുതുപ്പള്ളിയിലും മത്സരിക്കില്ല. പാലായിൽ നിന്നാൽ നല്ല വിജയസാധ്യതയാണെന്നും ഷോൺ പറഞ്ഞു.


 

Latest News