Sorry, you need to enable JavaScript to visit this website.

ഒരു വർഷത്തിനിടെ കണ്ടെത്തിയത് 33,820 നികുതി നിയമ ലംഘനങ്ങൾ

റിയാദ്- കഴിഞ്ഞ കൊല്ലം സകാത്ത്, നികുതി അതോറിറ്റി രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലും നടത്തിയ പരിശോധനകൾക്കിടെ 33,820 മൂല്യവർധിത നികുതി നിയമ ലംഘനങ്ങൾ കണ്ടെത്തി. നികുതി ഇൻവോയ്‌സുകൾ സൂക്ഷിക്കാതിരിക്കൽ, മൂല്യവർധിത നികുതി ഈടാക്കാതിരിക്കൽ, ഇൻവോയ്‌സിൽ നികുതി നമ്പർ ഇല്ലാതിരിക്കൽ, നിശ്ചിത അനുപാതത്തിൽ കുറവ് നികുതി ഈടാക്കൽ എന്നീ നിയമ ലംഘനങ്ങളാണ് സ്ഥാപനങ്ങളിൽ കണ്ടെത്തിയത്. 2018 ജനുവരി ഒന്നു മുതലാണ് സൗദിയിൽ മൂല്യവർധിത നികുതി നടപ്പാക്കാൻ തുടങ്ങിയത്. തുടക്കത്തിൽ അഞ്ചു ശതമാനം വാറ്റ് ആയിരുന്നു ബാധകം. 2020 ജൂലൈ മുതൽ ഇത് പതിനഞ്ചു ശതമാനമായി ഉയർത്തി. 


നികുതി വെട്ടിപ്പിന് ശ്രമിച്ച് വ്യാജവും ശരിയല്ലാത്തതുമായ രേഖകളും റിട്ടേണുകളും സമർപ്പിക്കുന്നവർക്ക് അടക്കേണ്ട നികുതി തുകക്ക് തുല്യമായ സംഖ്യയിൽ കുറയുകയോ നികുതി ബാധകമായ ഉൽപന്നത്തിന്റെയോ സേവനത്തിന്റെയോ മൂന്നിരട്ടി വിലയിൽ കവിയുകയോ ചെയ്യാത്ത തുക പിഴ ചുമത്തും. ഭാഗികമായോ പൂർണമായോ നികുതി വെട്ടിച്ച് ഉൽപന്നങ്ങൾ സൗദിയിൽ പ്രവേശിപ്പിക്കുകയോ രാജ്യത്തുനിന്ന് പുറത്തേക്ക് കടത്തുകയോ ചെയ്യുന്നവർക്കും ഇതേ ശിക്ഷയാണ് ലഭിക്കുക. നിശ്ചിത സമയത്തിനകം മൂല്യവർധിത നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്ക് 10,000 റിയാൽ പിഴ ചുമത്തും. 


നിയമാനുസൃത സമയത്തിനകം നികുതി റിട്ടേണുകൾ സമർപ്പിക്കാത്തവർക്ക് നികുതി തുകയുടെ അഞ്ചു ശതമാനം മുതൽ 25 ശതമാനം വരെ പിഴ ചുമത്തും. നിയമാനുസൃത സമയത്തിനകം നികുതി അടക്കാത്തവർക്ക് നികുതി തുകയുടെ അഞ്ചു ശതമാനം തോതിൽ ഓരോ മാസത്തിനും പിഴ ചുമത്തും. തെറ്റായ നികുതി റിട്ടേണുകൾ സമർപ്പിക്കുന്നവർക്കും സമർപ്പിച്ച ശേഷം റിട്ടേണുകളിൽ തിരുത്തലുകൾ വരുത്തുന്നവർക്കും നികുതി തുക കുറച്ചു കാണിക്കുന്നതിന് വ്യാജ രേഖകൾ സമർപ്പിക്കുന്നവർക്കും അടക്കേണ്ട നികുതി തുകയുടെ 50 ശതമാനത്തിന് തുല്യമായ തുകയാണ് പിഴ ലഭിക്കുകയെന്നും സകാത്ത്, നികുതി അതോറിറ്റി വ്യക്തമാക്കി. 

Latest News