പത്ത് വയസ്സുകാരന്‍റെ മൃതദേഹം പള്ളിയില്‍, കൊല നടത്തിയ രണ്ടു കുട്ടികള്‍ അറസ്റ്റില്‍

ന്യൂദല്‍ഹി-  ദല്‍ഹിയില്‍ പത്തു വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ  പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികള്‍ പിടിയില്‍. കജൂരി ഖാസ് പ്രദേശത്തുള്ള പള്ളിയില്‍ 10 വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്ത സംഭവത്തിലാണ് 12, 17 വയസ്സായ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രദേശത്ത് ചെരിപ്പ് കട നടത്തുന്ന കുട്ടിയുടെ പിതാവില്‍നിന്ന് പണം തട്ടാമെന്ന പ്രതീക്ഷയിലാണ് പത്തു വയസ്സുകാരനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ പിതാവില്‍ നിന്ന് എങ്ങനെ പണം ഈടാക്കണമെന്ന് ഇവർക്ക് അറിയില്ലായിരുന്നു. മകന്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് പിതാവിനെ വിളിച്ചറിയിച്ച് പണം തട്ടാമെന്നാണ് കരുതിയിരുന്നത്.

ഏതാനും ദിവസം മുമ്പ് കുട്ടിക്ക് ഉറക്കുഗുളിക കലർത്തിയ വെള്ളം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ലെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ വേദ് പ്രകാശ് സൂര്യ പറഞ്ഞു. കൊല്ലപ്പെട്ട കുട്ടി താമസിച്ചിരുന്ന സ്ഥലത്തു തന്നെയായിരുന്നു പ്രതികളും താമസിച്ചിരുന്നത്.

കുട്ടി തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് പിതാവിനെ അറിയിച്ച ഉടന്‍ പണം ലഭിക്കുമെന്നും അങ്ങനെ നാടുവിടാമെന്നുമാണ് പ്രതികളായ കുട്ടികള്‍ പദ്ധതിയിട്ടിരുന്നത്. വ്യാഴാഴ്ച വൈകിട്ട് 6.30-ന് പള്ളിയില്‍ പോകുമ്പോള്‍ കുട്ടിയെ സമീപിച്ച് പണം നല്‍കി സമീപത്തെ സ്റ്റാളില്‍നിന്ന് മോമോസ് വാങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പള്ളിയുടെ ഒന്നാം നിലയില്‍ കയറി ഒരുമിച്ച് കഴിച്ചു. ഇതിനുശേഷം പള്ളിയുടെ ടെറസില്‍ കൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം പള്ളിയുടെ രണ്ടാം നിലയില്‍ കൊണ്ടുവന്ന് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടില്‍ വെച്ച് സിമന്‍റ് ചാക്കുകൊണ്ട് മൂടി.

മകനെ കാണാനില്ലെന്ന് പിതാവ് പോലീസ് പരാതി നല്‍കിയതിനെ തുടർന്ന് കുട്ടിയുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്തു. കുട്ടി പള്ളിയിലേക്ക് പോകുന്നതായാണ് അവസാനം കണ്ടതെന്ന സൂചനയെ തുടർന്നാണ് പള്ളി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.

Latest News