Sorry, you need to enable JavaScript to visit this website.

ഗെയിൽ വിരുദ്ധ സമരം തുടരും -സമര സമിതി

മുക്കം - ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുക, ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണി വില നൽകുക, അന്യായമായി തടവിലാക്കിയവരെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഗെയിൽ വിരുദ്ധ സമരം തുടരാൻ സമര സമിതി തീരുമാനിച്ചു. 
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി 16 ന് എരഞ്ഞിമാവിലും 19 ന് കോഴിക്കോട്ടും സമര സംഗമം നടത്തും. ഇന്നലെ എരഞ്ഞിമാവിൽ സമര സമിതി ജനറൽ കൺവീനർ കരീം പഴങ്കലിന്റെ വീട്ടിൽ ചേർന്ന യോഗത്തിലാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചത്. 
പതിനാറിന് എരഞ്ഞിമാവിൽ നടക്കുന്ന സമര സംഗമത്തിൽ വി.എം. സുധീരൻ, എം.ഐ. ഷാനവാസ് എം.പി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. സമാധാനപരമായി സമരം നടത്തുന്നതിനായി സമരപ്പന്തൽ വീണ്ടും ഉയർത്തുമെന്നും രക്ഷാധികാരി സി.പി. ചെറിയ മുഹമ്മദ്, ചെയർമാൻ ഗഫൂർ കുറുമാടൻ എന്നിവർ പറഞ്ഞു.
നിലവിൽ സർക്കാർ പ്രഖ്യാപിച്ച വിവിധ ആനുകൂല്യങ്ങൾ സ്വാഗതാർഹമാണങ്കിലും സമര സമിതിയുടെ പ്രധാന ആവശ്യങ്ങൾ ഇതുവരെ പരിഗണിച്ചിട്ടില്ല. ഭൂമിക്കടിയിൽ സ്ഥാപിക്കാൻ കൊണ്ടുവന്ന പൈപ്പുകൾ കാലപ്പഴക്കം ചെന്നതായതിനാൽ ഇതിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുന്നതിനായി വിദഗ്ധ സമിതി സ്ഥലം സന്ദർശിക്കുക, പോലീസിന്റെ നരനായാട്ട് അന്വേഷിക്കുന്നതിനായി ഒരു നിയമസഭാ സമിതി എരഞ്ഞിമാവുൾപ്പെടെയുള്ള സ്ഥലങ്ങളിൽ സന്ദർശനം നടത്തുക എന്നീ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചിട്ടില്ലെന്ന് സമര സമിതി നേതാക്കൾ കുറ്റപ്പെടുത്തി.
ആധാര വിലയുടെ പത്തിരട്ടി എന്നത് മാറ്റി വിപണി വിലയുടെ നാലിരട്ടിയെങ്കിലും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവണമെന്നും പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ജനങ്ങളെ വഞ്ചിക്കലാണെന്നും സമര സമിതി ആരോപിച്ചു. ഒട്ടേറെ നിരപരാധികൾ ഇപ്പോഴും ജയിലിൽ കഴിയുകയാണ്. ഇവരെ വിട്ടയക്കാൻ നടപടി വേണമെന്നും സമര സമിതി നേതാക്കൾ വ്യക്തമാക്കി.
റൈഹാന ബേബി, കരീം പഴങ്കൽ, ബാബു പൊലുകുന്നത്ത്, കെ.പി. അബ്ദുറഹിമാൻ, കെ.സി. അൻവർ, മജീദ് പുതുക്കുടി, ബാവ പവർവേൾഡ് തുടങ്ങിയവരും പങ്കെടുത്തു.


 

Latest News