അഹമ്മദാബാദ് - പ്രധാനമന്ത്രി പദത്തെ അനാദരിക്കുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടരുതെന്ന് കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി. നരേന്ദ്ര മോഡിയുടെ പിഴവുകൾ ചൂണ്ടിക്കാട്ടാമെങ്കിലും ബി.ജെ.പി ചെയ്യുന്നതു പോലെ പ്രധാനമന്ത്രി സ്ഥാനത്തെ അനാദരിക്കുന്ന നീക്കം കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഉത്തര ഗുജറാത്തിലെ ബനസ്‌കന്ദയിൽ പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മോഡിയുടെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതും ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നതും ഉൾപ്പെടെ എന്തൊക്കെ രാഷ്ട്രീയ നീക്കങ്ങൾ നടത്തിയാലും പ്രധാനമന്ത്രി സ്ഥാനത്തെ അവഹേളിക്കുന്ന ഒന്നും ചെയ്യില്ല. മോഡി പ്രതിപക്ഷത്തായിരുന്ന സമയത്ത് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിനെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയിരുന്നു. ഇതാണ് ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള വ്യത്യാസം -രാഹുൽ ചൂണ്ടിക്കാട്ടി.
'ഇവിടെയിരിക്കുന്ന നിങ്ങളെ നോക്കിയാൽ പുഞ്ചിരിക്കുന്ന മുഖങ്ങൾ മാത്രമേ എനിക്കു കാണാനാകുന്നുള്ളൂ. എന്നാൽ ബി.ജെ.പിയുടെ ഇത്തരം യോഗങ്ങളിൽ ഇതല്ല സ്ഥിതി. മുഖത്ത് പുഞ്ചിരിയുടെ ലാഞ്ചന പോലുമില്ലാതെയാണ് ബിജെപിയുടെ സോഷ്യൽ മിഡിയ ടീമംഗങ്ങൾ യോഗങ്ങളിൽ പങ്കെടുക്കാറ് -രാഹുൽ പരിഹസിച്ചു.
രാഹുൽ ഗാന്ധി നയിക്കുന്ന നവസർജൻ യാത്ര ഗുജറാത്തിൽ തുടരുകയാണ്. ഉത്തര ഗുജറാത്തിലാണ് ഇന്നത്തെ പര്യടനം. ചെറുയോഗങ്ങളിലും പാർട്ടി സദസ്സുകളിലും അദ്ദേഹം സംബന്ധിക്കുന്നുണ്ട്. ശനിയാഴ്ച ബനസ്‌കന്ദ ജില്ലയിലെ അംബാജി ക്ഷേത്രത്തിലും രാഹുൽ സന്ദർശനം നടത്തി. പര്യടനത്തിനിടെ പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേലുമായും കൂടിക്കാഴ്ച നടത്തിയേക്കും.
ഗുജറാത്ത് വികസന മാതൃകയെ വിമർശിച്ച നിലപാട് ആവർത്തിച്ച രാഹുൽ, ഇക്കാര്യത്തിൽ വസ്തുതകളാണ് തങ്ങൾ പറയുന്നതെന്നും വ്യക്തമാക്കി.
ഇന്ധനങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന് രാഹുൽ
ന്യൂദൽഹി- ഇന്ധനങ്ങളെ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. പണപ്പെരുപ്പം തടയാൻ ഇത് ഉപകരിക്കും. ഏത് ഉൽപന്നത്തിന്റേയും പരമാവധി ജി.എസ്.ടി 18 ശതമാനമായിരിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്നും രാഹുൽ പറഞ്ഞു. സാധാരണക്കാരുടെ ദൈനംദിനാവശ്യങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കൾക്ക് ജി.എസ്.ടി ഏർപ്പെടുത്തുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും രാഹുൽ പറഞ്ഞു. പണപ്പെരുപ്പത്തിന്റെ ഭാരം ഒഴിവാക്കാൻ പെട്രോൾ, ഡീസൽ, പാചകവാതകം തുടങ്ങിയവയെ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കണം. ജി.എസ്.ടി നിരക്ക് ഏകീകരിച്ച് 18 ശതമാനത്തിൽ കൂടാത്ത നിരക്കായി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. 200 ലധികം ഉൽപന്നങ്ങളുടെ ജി.എസ്.ടി കുറക്കാൻ കേന്ദ്രം തയാറായത് കോൺഗ്രസിന്റെ സമ്മർദം മൂലമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.






