പക്ഷിപ്പനി ഏഴു സംസ്ഥാനങ്ങളില്‍ പടര്‍ന്നു; വ്യാപനം തടയാന്‍ സര്‍ക്കാര്‍ ശ്രമം ഊര്‍ജിതമാക്കി

ന്യൂദല്‍ഹി- ഇന്ത്യയില്‍ പക്ഷിപ്പനി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പടരുന്നു. ഇതുവരെ കേരളം ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളിലാണ് ഈ പകര്‍ച്ചാവ്യാധി സ്ഥിരീകരിച്ചത്. പതിനായിരക്കണക്കിന് കാട്ടുപക്ഷികളും കോഴികളും താറാവും കാക്കളുമാണ് ഇതുവരെ ചത്തൊടുങ്ങിയത്. ചിലയിടങ്ങളില്‍ പക്ഷികളുടെ ഈ പെട്ടെന്നുള്ള മരണത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണങ്ങളിലാണ്. വ്യാപനം തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുമായി പ്രവര്‍ത്തനം ഏകോപിപ്പിച്ചു വരികയാണ്. പക്ഷിപ്പനി പടരാന്‍ സാധ്യതയുള്ള മേഖലകളില്‍ നീരീക്ഷണം ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളം, ഉത്തര്‍ പ്രദേശ്, രാജ്സ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മനുഷ്യരിലേക്ക് ഈ രോഗം പടര്‍ന്നതായി എവിടെ നിന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. 

മഹാരാഷ്ട്രയിലെ പര്‍ഭനിയിലെ ഒരു ഫാമില്‍ 900 കോഴികള്‍ ചത്തൊടുങ്ങിയത് അന്വേഷിച്ചുവരികയാണ്. മുംബൈ, താനെ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ നിന്നുള്ള സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഛത്തീസ്ഗഢിലും ദല്‍ഹിയിലും പക്ഷികള്‍ ചത്തൊടുങ്ങിയിട്ടുണ്ട്. ഇവിടെയും സാംപിള്‍ പരിശോധന നടന്നു വരികയാണ്. പഞ്ചാബിലും നിയന്ത്രങ്ങള്‍ ശക്തമാക്കി.
 

Latest News