കർഷക സമരക്കാർ വേദി കയ്യേറി; ഹരിയാന മുഖ്യമന്ത്രിയുടെ കര്‍ഷക സമ്പര്‍ക്ക പരിപാടി റദ്ദാക്കി

കര്‍നാല്‍- ഹരിയാനയിലെ കര്‍നാലിനടുത്ത ഒരു ഗ്രാമത്തില്‍ സംഘടിപ്പിച്ച മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുടെ കര്‍ഷക സമ്പര്‍ക്ക പരിപാടി കര്‍ഷകരുടെ അക്രമാസക്ത പ്രതിഷേധം മൂലം റദ്ദാക്കി. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ പരിപാടി നടക്കുന്ന വേദി കയ്യേറി. മുഖ്യമന്ത്രിയുടെ പരിപാടിക്കു മുന്നോടിയായി പ്രതിഷേധ പ്രകടനം നടത്തിയ കര്‍ഷകര്‍ക്കു നേരെ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പരിപാടി നടക്കുന്ന കെംല ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നത് തടയാനായിരുന്ന പോലീസിന്റൈ ബലപ്രേയോഗം. എന്നാല്‍ കര്‍ഷക പ്രതിഷേധക്കാര്‍ ഇതു ഭേദിച്ചു മുന്നേറുകയും പരിപാടി നടക്കുന്ന സ്ഥലത്തെത്തുകയും ചെയ്തു. വേദിയിലും പരിസരത്തുമെത്തിയ പ്രതിഷേധക്കാര്‍ ഇരിപ്പിടങ്ങല്‍ എടുത്തു ദൂരേക്കെറിഞ്ഞും വേദി അലങ്കോലമാക്കിയും ശക്തമായി പ്രതിഷേധിച്ചു.

കാര്‍ഷിക  നിയമങ്ങള്‍ക്കെതിരെ ശക്തമായ സമരം നടക്കുന്നതിനിടെ കര്‍ഷര്‍കര്‍ക്കു വേണ്ടി എന്ന പേരില്‍ സംഘടിപ്പിച്ചതായിരുന്നു ഈ പരിപാടി. കാര്‍ഷിക നിയമങ്ങളുടെ ഗുണങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള കേന്ദ്ര നിര്‍ദേശ പ്രകാരമാണ് സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു വരുന്നത്. പ്രതിഷേധം പ്രതീക്ഷിച്ച് സര്‍ക്കാര്‍ വലിയ പോലീസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നു. കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. പരിപാടി നടക്കുന്ന പ്രദേശത്ത് നാട്ടുകാരും പ്രാദേശിക ബിജെപി പ്രവര്‍ത്തകരും വെള്ളിയാഴ്ച ഏറ്റുമുട്ടലുണ്ടായിരുന്നു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധം കണക്കിലെടുക്കാതെയാണ് പരിപാടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോയത്. 

കര്‍ഷക സമരത്തിനായി ദല്‍ഹിയിലേക്കു പോകുകയായിരുന്നു കര്‍ഷകരെ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ തടഞ്ഞത് നേരത്തെ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. റോഡുകള്‍ കുഴിച്ചും ബാരിക്കേഡുകള്‍ സ്ഥാപിച്ചും മറ്റുമാണ് ദല്‍ഹിയിലേക്ക് പോകുന്ന പഞ്ചാബില്‍ നിന്നടക്കമുള്ള കര്‍ഷകരെ ബിജെപി സര്‍ക്കാര്‍ ആഴ്ചകള്‍ക്കു മുമ്പ് തടയാന്‍ ശ്രമിച്ചത്.

Latest News