വടകര - ആർഭാട വിവാഹങ്ങൾക്കെതിരെ മനഃസാക്ഷിയുണരണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. ആർഭാട വിവാഹത്തിനെതിരായ സന്ദേശം വ്യാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അബുദാബി കെ.എം.സി.സി കുറ്റിയാടി മണ്ഡലം കമ്മിറ്റി ആയഞ്ചേരിയിൽ സംഘടിപ്പിച്ച ശാദി മുബാറക് വിവാഹ സഹായ സംഗമത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ തരത്തിലുളള സാമൂഹിക പുരോഗതി കൈവരിക്കുമ്പോഴും സ്ത്രീധനം പോലെയുള്ള സമ്പ്രദായങ്ങൾ കാൻസർ പോലെ വർധിക്കുകയാണ്. കുഞ്ഞിന് ജന്മം നൽകിയ രക്ഷിതാക്കൾ അവരുടെ വിവാഹ പ്രായമെത്തുമ്പോൾ സ്ത്രീധനം പോലെയുള്ള സമ്പ്രദായങ്ങൾ മൂലം ദുരിതത്തിലാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗൽഫ് നാടുകളിലേക്കുള്ള കുടിയേറ്റം കേരളം ഇന്നു നേടിയ സാമൂഹിക പുരോഗതിക്ക് കാരണമായ പ്രധാന ഘടകമാണ്. കെ.എം.സി.സി പോലെയുള്ള സംഘടനകൾ ജീവകാരുണ്യ സേവന മേഖലകളിൽ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു. പാറക്കൽ അബ്ദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. സി മോയിൻ കുട്ടി, ടി സിദ്ദീഖ്, മിസ്ഹബ് കീഴരിയൂർ, ശറഫുദ്ദീൻ മംഗലാട്, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, മുസ്തഫ മുട്ടുങ്ങൽ, സൂപ്പി തിരുവള്ളൂർ, ഹാരിസ് മുറിച്ചാണ്ടി, ആരിഫ് പീറ്റയിൽ, റഫീക് പാലോളളതിൽ, റസാഖ് അരയാക്കി, അമ്മദ് കെ.കെ.സി, ബഷീർ കുനിയേൽ, നാസർ കുന്നുമ്മൽ, ബാദുഷ അത്തോളി, കാട്ടിൽ മൊയ്തു മാസ്റ്റർ, കിളിയമ്മൽ കുഞ്ഞബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ ബാസിത്ത് കായക്കണ്ടി സ്വാഗതവും അഷ്‌റഫ് നജാത്ത് നന്ദി പറഞ്ഞു.
രാവിലെ നടന്ന സൗഹൃദ സംഗമം ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. സ്വാമി ആത്മദാസ് യമി, അബ്ദുസദ് പൂക്കോട്ടൂർ, കടമേരി ബാലകൃഷ്ണൻ, സോമൻ കരുവാണ്ടി, സത്യൻ മൊകേരി, കെ.ടി അബ്ദുറഹിമാൻ, രാംദാസ് മണലേരി, പി.എം അബൂബക്കർ, ഹാഫിസ് മുഹമ്മദ് സംസാരിച്ചു. സംഗമത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പതിപ്പ് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി അമ്മത് നൊച്ചാട്ട് കുഞ്ഞബ്ദുല്ലക്ക് നൽകി പ്രകാശനം ചെയ്തു.
കുടുംബ സംഗമം വനിതാ ലീഗ് നേതാവ് ജയന്തി രാജൻ ഉദ്ഘാടനം ചെയ്തു. എം.എം നഷീദ ടീച്ചർ അധ്യക്ഷത വഹിച്ചു. ഷറഫുന്നിസ ടീച്ചർ, മുഫീദ, തയ്യിൽ ആസ്യ ടീച്ചർ, റസിയ വെളളിലാട്ട്, കൗല ഗഫൂർ, സൈനബ, നസീമ, സാജിദ ഹാരിസ് മുറിച്ചാണ്ടി തുടങ്ങിയവർ സംസാരിച്ചു.






