തിരുവനന്തപുരം- കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ സി.പി.എം സംസ്ഥാന കമ്മിറ്റി നടപടിക്ക്. പാര്‍ട്ടിക്ക് അതീതനായി വളരാനുള്ള ശ്രമം നടത്തുന്നതായും ഇത് അംഗീകരിക്കാനാകില്ലെന്നും പാര്‍ട്ടി സംസ്ഥാന സമിതി വിലയിരുത്തി. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന സമിതിയില്‍ പി. ജയരാജനെതിരെ രൂക്ഷവിമര്‍ശനമാണുയര്‍ന്നത്. ജയരാജന്‍ സ്വയം മഹത്വവത്കരിക്കുന്നെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍ ഇതിന്റെ ഭാഗമായി ജയരാജന്‍ ജീവിത രേഖയും നൃത്തശില്‍പ്പവും തയ്യാറാക്കി. പാര്‍ട്ടിക്ക് അതീതനായി വളരാനുള്ള ഈ നീക്കം അനുവദിക്കാനാകില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിലപാട്. കണ്ണൂര്‍ ജില്ലയിലെ എല്ലാ ഘടകങ്ങളിലും ഇക്കാര്യം റിപ്പോര്‍ട്ടിംഗ് നടത്താനും തീരുമാനമായെന്നാണ് വിവരം. ജയരാജനെ അനുകൂലിച്ച് ഇറങ്ങിയ രേഖകളും സംസ്ഥാന കമ്മിറ്റി പരിഗണിച്ചു.
അതേസമയം രേഖ തയ്യാറാക്കിയത് താനല്ലെന്നും കെ.കെ രാഗേഷ് എം.പിയാണെന്നും പി. ജയരാജന്‍ സംസ്ഥാന സമിതി യോഗത്തില്‍ പറഞ്ഞു. പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് ചര്‍ച്ചയില്‍ അഭിപ്രായം രേഖപ്പെടുത്തിയ ശേഷം സംസ്ഥാന സമിതിയില്‍നിന്ന് പി. ജയരാജന്‍ ഇറങ്ങിപ്പോകുകയും ചെയ്തു. പാര്‍ട്ടിയുടെ നീക്കം അമ്പരിപ്പിക്കുന്നതെന്ന് പി. ജയരാജന്‍ പറഞ്ഞു. ഇങ്ങനെയെങ്കില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാനില്ലെന്നും ജയരാജന്‍ പറഞ്ഞു. ചര്‍ച്ചയില്‍ വികാരഭരിതനായിട്ടാണ് ജയരാജന്‍ പ്രതികരിച്ചത്. ജയരാജനെതിരായ പ്രമേയം സംസ്ഥാന സമിതി അംഗീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ സി.പി.എമ്മിനുള്ളില്‍ നിലനില്‍ക്കുന്ന വിഭാഗീയതയാണ് ഇപ്പോള്‍ ജയരാജനെതിരായ നിലപാടിലൂടെ തെളിയുന്നത്. കോടിയേരി ബാലകൃഷ്ണനെ അനുകൂലിക്കുന്ന ഒരു വിഭാഗത്തെ ജയരാജന്‍ പക്ഷം അംഗീകരിച്ചിരുന്നില്ല.