Sorry, you need to enable JavaScript to visit this website.

ഔറംഗബദിന്റെ പേര് മാറ്റണം-ശിവസേന,  അതു കൊണ്ടെന്ത് പ്രയോജനം?-കോണ്‍ഗ്രസ് 

മുംബൈ- ഔറംഗാബാദിന്റെ പേര് മാറ്റവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-ശിവസേന പോര്. ഔറംഗാബാദിന്റെ പേരുമാറ്റി സാംബാജി നഗര്‍ എന്ന് ആക്കണമെന്ന ശിവസേനയുടെ താല്‍പ്പര്യത്തിന് കോണ്‍ഗ്രസ് ആദ്യമേ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍, പേരുമാറ്റത്തെ അനുകൂലിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ സഖ്യം നിലകൊള്ളുന്നത് മതേതരത്വം എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ്. എന്നാല്‍, മുഗള്‍ ഭരണാധികാരി ഔറംഗസേബ് ഇതിനോട് യോജിക്കാത്ത ആളാണെന്നുമാണ് ഉദ്ധവ് താക്കറെയുടെ വാദം. ഔറംഗസേബിനെ അനുസ്മരിപ്പിക്കുന്ന ഔറംഗാബാദ് എന്ന പേര് മാറ്റി മറാഠ ഭരാണധികാരിയുടെ സ്മരണയ്ക്ക് സാംബാജി നഗര്‍ എന്നാക്കി മാറ്റാനാണ് ശിവസേനയുടെ നീക്കം. 'ഔറംഗസീബ്ഒരു മതേതര വാദിയല്ലായിരുന്നു. ഞങ്ങളുടെ അജണ്ട മതേതരത്വത്തെ അടിസ്ഥാനപ്പെടുത്തിയാണുള്ളത്, അതുകൊണ്ട് ഔറംഗസീബ് അതിനോട് ചേര്‍ന്നുപോകില്ല .' താക്കറെ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ മന്ത്രിസഭാ യോഗ വിവരം പങ്കുവെക്കുമ്പോള്‍ ഔറംഗാബാദിനെ സാംബാജി നഗര്‍ എന്ന് താക്കറെ വിശേഷിപ്പിച്ചിരുന്നു. ഞങ്ങള്‍ നാളുകളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ് ഞാന്‍ ചെയ്തത് എന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉദ്ധവ് താക്കറെയുടെ മറുപടി. മാത്രമല്ല ഇത് ശിവസേനയുടെ പരമോന്നത നേതാവ് ബാല്‍ താക്കറെയുടെ ആഗ്രഹമായിരുന്നുവെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ ഒരു നഗരത്തിന്റെ പേര് മാറ്റുന്നതിലൂടെ ജനങ്ങളുടെ ജീവിതത്തില്‍ എന്ത് മാറ്റമാണുണ്ടാവുകയെന്നതാണ് കോണ്‍ഗ്രസിന്റെ മറുചോദ്യം. 

Latest News