വനിതാ പൈലറ്റുമാര്‍ മാത്രം; ഉത്തര ധ്രുവത്തിന് കുറുകെ എയര്‍ ഇന്ത്യയുടെ ദൈര്‍ഘമേറിയ പറക്കല്‍ ഇന്ന്

ന്യൂദല്‍ഹി- എയര്‍ ഇന്ത്യയുടെ സാന്‍ഫ്രാന്‍സിസ്‌കോ- ബെംഗളുരു സര്‍വീസ് ഉല്‍ഘാടന പറക്കല്‍ പുതിയ റെക്കോര്‍ഡാകും. ശനിയാഴ്ച വനിതാ പൈലറ്റുമാരും വനിതാ ജീവനക്കാരും മാത്രമുള്ള ക്രൂവാണ് ഉത്തര ധ്രുവത്തിന് കുറുകെ ഈ ദൈര്‍ഘ്യമേറിയ സര്‍വീസിനു ചുക്കാന്‍ പിടിക്കുന്നത്. ലോകത്തെ ഏറ്റവും ദൂരമേറിയ വിമാന റൂട്ടകളിലൊന്നാണിത്. 13,993 കിലോ മീറ്റം ദൂരം! 13.5 മണിക്കൂര്‍ യാത്ര. കാറ്റിന്റെ ഗതിയനുസരിച്ചുള്ള പൂര്‍ണ യാത്രാ സമയം 17 മണിക്കൂറിലേറെയായിരിക്കും. എയര്‍ ഇന്ത്യയുടെ സ്ത്രീ ശക്തി ലോകത്തിനു മീതെ  പറക്കുമെന്നാണ് വ്യോമയാന മന്ത്രി ഈ ചരിത്ര സര്‍വീസിനെ വിശേഷിപ്പിച്ചത്. ശനിയാഴ്ച യുഎസ്എ പ്രാദേശിക സമയം വൈകീട്ട് 8.30ന് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് പറന്നുയരുന്ന വിമാനം ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 3.45നാണ് ബെംഗളുരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുക.

പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കുന്ന വിമാനം പറത്തുന്നത് ക്യാപ്റ്റന്‍ സോയ അഗര്‍വാള്‍, ക്യാപ്റ്റന്‍ പപഗരി തന്മയ്, ക്യാപ്റ്റന്‍ ആകാന്‍ശ സോനവാഡെ, ക്യാപ്റ്റന്‍ ശിവാനി മന്‍ഹാസ് എന്നീ വനിതാ പൈലറ്റുമാരാണ്. ഇവരെ കൂടാതെ മറ്റു ജീവനക്കാരും വനിതകളാണ്.

പ്രഥമ നോണ്‍സ്റ്റോപ്പ് സര്‍വീസില്‍ എല്ലാ ടിക്കറ്റുകളും ഒരു ദിവസം മുമ്പ് തന്നെ വിറ്റഴിഞ്ഞിരുന്നു. ബോയിങ് 777-200LR വിമാനത്തില്‍ 238 പേര്‍ക്ക് യാത്ര ചെയ്യാം. 35 ബിസിനസ് ക്ലാസ് സീറ്റുകളും 195 ഇക്കോണി ക്ലാസ് സീറ്റുകളുമാണുള്ളത്. 12 അംഗ ക്യാബിന്‍ ക്രൂവും ഉണ്ട്.
 

Latest News