ട്രംപ് ഉടനടി രാജിവച്ചില്ലെങ്കില്‍ ഇംപീച് ചെയ്യും; നടപടികള്‍ തുടങ്ങി

വാഷിങ്ടന്‍- യുഎസ് പ്രസിഡന്റ് പദവിയില്‍ പത്തു ദിവസം മാത്രം ശേഷിക്കെ ഡൊനള്‍ഡ് ട്രംപ് മറ്റൊരു നാണക്കേട് കൂടി ഏറ്റുവാങ്ങാനിരിക്കുന്നു. കാപിറ്റോൾ കപാലം ഇളക്കിവിട്ടതില്‍ മുഖ്യ  പങ്കുവഹിച്ച പ്രസിഡന്റ് ട്രംപ് ഉടന്‍ രാജിവച്ചില്ലെങ്കില്‍ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് ഡെമോക്രാറ്റ് നേതാവും ജനപ്രതിനിധി സഭാ സ്പീക്കറുമായ നാന്‍സി പെലോസിയുടെ മുന്നറിയിപ്പ്. തിങ്കളാഴ്ച ഇംപീച്ച്‌മെന്റ് പ്രമേയം സഭയില്‍ അവതരിപ്പിക്കാനാണ് ഡെമോക്രാറ്റുകളുടെ നീക്കം. നിയുക്ത പ്രസിഡന്റ് ജോ ബൈഡനും ഈ നടപടിയെ പിന്താങ്ങി. ട്രംപിനെ പുറത്താക്കാന്‍ സ്പീക്കര്‍ റിപബ്ലിക്കന്‍ അംഗങ്ങളുടെ പിന്തുണയും തേടി. ട്രംപിന്റെ നീക്കങ്ങള്‍ ജനാധിപത്യത്തിനു നേര്‍ക്കുള്ള അതിക്രമമാണെന്നും സഭാംഗങ്ങള്‍ക്കെഴുതിയ കത്തില്‍ സ്പീക്കര്‍ പെലോസി പറഞ്ഞു. വാട്ടര്‍ഗേറ്റ് വിവാദത്തെ തുടര്‍ന്ന് മുന്‍ പ്രസിഡന്റ് റിചാര്‍ഡ് നിക്‌സണ്‍ രാജിവച്ച സംഭവവും സ്പീക്കര്‍ അംഗങ്ങളെ ഓര്‍മ്മപ്പെടുത്തി. സ്വന്തം പാര്‍ട്ടിക്കാരായ റിപബ്ലിക്കന്‍ അംഗങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു നിക്‌സണ്‍ രാജിവച്ചത്. ഇപ്പോള്‍ പ്രസിഡന്റിന്റെ ഭാഗത്തു നിന്നുണ്ടായ രാജ്യദ്രോഹ പ്രവൃത്തികള്‍ കണക്കിലെടുത്ത് സഭയിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളും ആ മാതൃക പിന്തുടര്‍ന്ന് ട്രംപിനെ പദവിയില്‍ നിന്ന് നീക്കണമെന്ന് പെലോസി കത്തില്‍ ആവശ്യപ്പെട്ടു. ട്രംപ് ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കങ്ങള്‍ക്ക് മുതിരുകയാണെങ്കില്‍ തടയണമെന്നാവശ്യപ്പെട്ട് സേനാ മേധാവി ജനറല്‍ മാര്‍ക്ക് മില്ലിയോടും സ്പീക്കര്‍ ആവശ്യപ്പെട്ടു.
 

Latest News