എയർ ബബ്ൾ കരാർ നിലവിൽ വന്നാൽ ഇന്ത്യയിൽനിന്ന്
സൗദിയിലേക്ക് ചാർട്ടേഡിന് അനുമതിയുണ്ടാകും
റിയാദ്- കോവിഡ് പശ്ചാത്തലത്തിൽ നിർത്തലാക്കിയ അന്താരാഷ്ട്ര വിമാന സർവീസുകൾ മാർച്ച് 31 ന് പൂർണമായും പിൻവലിക്കുമെന്ന് അറിയിപ്പെത്തിയതോടെ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിമാന സർവീസ് ഇനി ഏപ്രിൽ ഒന്നിന് മാത്രമേ പുനരാരംഭിക്കുകയുളളൂ. അതിന് മുമ്പ് സൗദിയിലെത്തണമെന്നുള്ളവർ ദുബായ്, മാലിദ്വീപ് തുടങ്ങിയ പ്രദേശങ്ങളിൽ 14 ദിവസം കഴിയേണ്ടിവരും.
മാർച്ച് 31 ഓടെ ഒന്നാം ഘട്ട കോവിഡ് വാക്‌സിൻ വിതരണം പൂർണമാകുമെന്നും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും മറ്റും അപ്പോഴേക്കും വാക്‌സിൻ നൽകിയിരിക്കുമെന്നുമുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ വിലയിരുത്തലിന് ശേഷമാണ് അന്താരാഷ്ട്ര അതിർത്തികൾ പൂർണമായും തുറന്നിടുന്നത് സംബന്ധിച്ച് സൗദി അറേബ്യൻ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിറക്കിയത്. എന്നാൽ അതിർത്തികൾ തുറന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് അറിയിപ്പ് വന്നിട്ടില്ല.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
നിലവിൽ ഇന്ത്യയിലേക്ക് ചാർട്ടേഡ്, വന്ദേഭാരത് വിമാനങ്ങൾ സൗദിയിൽ നിന്ന് സർവീസ് നടത്തുന്നുണ്ടെങ്കിലും തിരിച്ച് സർവീസിന് അനുമതിയില്ല. എയർ ബബ്ൾ കരാർ നിലവിൽ വന്നാൽ ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് ചാർട്ടേഡിന് അനുമതിയുണ്ടാകും. ഇന്ത്യൻ എംബസി ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തിയിട്ടും ഇതുവരെ ഫലം കണ്ടിട്ടില്ല. മാർച്ച് 31 ന് വിമാന വിലക്ക് പൂർണമായും പിൻവലിക്കുമെന്ന പ്രഖ്യാപനം വന്നതോടെ ബബ്ൾ കരാർ നിലവിൽ വരാൻ സാധ്യത കുറവാണ്. ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് എയർ ബബ്ൾ കരാർ പ്രകാരം സൗദിയിലേക്ക് ദിനേന വിമാനങ്ങളെത്തുന്നുണ്ട്. ഇന്ത്യയിലെ കോവിഡ് രൂക്ഷതയിൽ കാര്യമായ കുറവ് വരാത്തതായിരിക്കാം എയർ ബബ്ൾ കരാറിന് തടസ്സമാകുന്നതെന്നതാണ് വിലയിരുത്തൽ.
സൗദി അറേബ്യയിൽ കോവിഡ് കേസുകൾ ദിനംപ്രതി കുറഞ്ഞുവരികയാണ്. സാമൂഹിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ തുടങ്ങിയ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താൻ സുരക്ഷാ വിഭാഗങ്ങൾ ജാഗ്രത പാലിക്കുന്നുണ്ട്. വ്യവസ്ഥ ലംഘിക്കുന്നവർക്ക് ആയിരം റിയാലാണ് പിഴ. ഈടാക്കിയ പിഴയെക്കുറിച്ച് എല്ലാ ആഴ്ചയും ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് പുറത്തു വിടുന്നുമുണ്ട്. ഈ മുൻകരുതലാണ് രോഗം കുറയാൻ കാരണമായതെന്ന് ആരോഗ്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തുന്നു.