Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഇലക്ട്രിക് കാർ ഫാക്ടറി സ്ഥാപിക്കും

റിയാദ് - അമേരിക്കൻ ഇലക്ട്രിക് കാർ നിർമാതാക്കളായ ലൂസിഡ് സൗദിയിൽ പ്ലാന്റ് നിർമിക്കുന്നതിനെ കുറിച്ച് സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുമായി ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. ചെങ്കടൽ തീരത്തെ ജിദ്ദക്കു സമീപം ഫാക്ടറി സ്ഥാപിക്കുന്നതിനെ കുറിച്ചാണ് ലൂസിഡ് ചർച്ചകൾ നടത്തുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ വാർത്താ ഏജൻസിയായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. 


കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ ഫാക്ടറി സ്ഥാപിച്ചേക്കുമെന്നാണ് കരുതുന്നത്. ചർച്ചകൾ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. ഫാക്ടറി സ്ഥാപിക്കുന്നതിന് തെരഞ്ഞെടുക്കുന്ന സ്ഥലത്തിന്റെ കാര്യത്തിൽ ചിലപ്പോൾ മാറ്റമുണ്ടായേക്കും. ഉത്തര സൗദിയിലെ നിയോം സിറ്റി ഫാക്ടറിക്ക് ആസ്ഥാനമായി തെരഞ്ഞെടുക്കുന്നതിനെ കുറിച്ചും ആലോചനകളുണ്ട്. 2018 ൽ ലൂസിഡ് കമ്പനിയിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വലിയ നിക്ഷേപം നടത്തിയിരുന്നു. സൗദിയിൽ ഫാക്ടറി സ്ഥാപിക്കണമെന്ന വ്യവസ്ഥയോടെയാണ് കമ്പനിയിൽ സൗദി അറേബ്യ നിക്ഷേപം നടത്തിയത്. മധ്യപൗരസ്ത്യ ദേശത്ത് വൈദ്യുതി വാഹന വ്യവസായ കേന്ദ്രമായി മാറാനും സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുമാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. 


 

Latest News