സിംഗപ്പൂര്‍ സിറ്റി- കാമുകനാണെന്നും അവിഹിത ബന്ധത്തിലാണെന്നും കുടുംബം തെറ്റിദ്ധരിക്കാതിരിക്കാന്‍ പുരുഷ സുഹൃത്തിനെ സന്ദര്‍ശിച്ച കാര്യം കോവിഡ് സമ്പര്‍ക്കം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരില്‍നിന്ന് മറച്ചുവെച്ച 65 കാരിക്ക് സിംഗപ്പൂരില്‍ അഞ്ച് മാസം ജയില്‍ ശിക്ഷ.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ഓഹ് ബീ ഹിയോക് എന്ന വയോധികയാണ് രോഗം സ്ഥിരീകരിക്കുന്നതിന് തൊട്ടുമുമ്പത്തെ ആഴ്ചകളില്‍ 72 കാരനായ ലിം കിയാംഗ ഹോംഗിനെ അഞ്ച് തവണ കണ്ട കാര്യ അധികൃതരില്‍നിന്ന് മറച്ചുവെച്ചത്.
കോവിഡ് സമ്പര്‍ക്കം കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് മനഃപൂര്‍വം വിവരം മറച്ചുവെച്ചതിനാണ് ശിക്ഷ.
ഇടയ്ക്കിടെ പുറത്തുപോകറുണ്ടെന്ന കാര്യം തന്റെയും ലിമ്മിന്റേയും കുടുംബങ്ങളും സുഹൃത്തുക്കളും അറിയാതിരിക്കാനാണ് വിവരങ്ങള്‍ മറച്ചുവെച്ചതെന്ന് ഓഹ് ബീ സമ്മതിച്ചു. വിവാഹേതര ബന്ധത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരത്താതരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും കോടതി രേഖകളില്‍ പറുയുന്നു.
കോവിഡ് ബാധിച്ച് 65 കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം അധികൃതര്‍ പാര്‍ക്കിംഗ് റെക്കോര്‍ഡുകള്‍, സിസിടിവി ദൃശ്യങ്ങള്‍, കോള്‍ റെക്കോര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ എന്നിവ പരിശോധിച്ചാണ് ഇവരുടെ കൂടിക്കാഴ്ചകള്‍ കണ്ടുപിടിച്ചത്.
കൂടിക്കാഴ്ചകള്‍ രഹസ്യമാക്കി വെക്കാന്‍ ഓഹ് ലിമ്മിനോട് ഫോണില്‍ ആവശ്യപ്പെടുകയും ചെയ്തു. ലിമ്മിന് അധിക ദിവസങ്ങള്‍ കഴിയുംമുമ്പെ മാര്‍ച്ചില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.






