ന്യൂദല്‍ഹി- ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച രണ്ടു കോവിഡ് വാക്‌സിനുകളുടെ വിതരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലിന് യോഗം നടക്കും. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച ഓക്‌സഫഡ് വാക്‌സിനും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനുമാണ് അനുമതി ലഭിച്ചിട്ടുള്ളത്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കകം വാക്‌സിന്‍ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. വാകിസന്‍ കുത്തിവെപ്പ് പദ്ധതിയുടെ എല്ലാ വിവരങ്ങളും ജനങ്ങളിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാക്‌സിന്‍ വിതരണ സംവിധാനങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനുള്ള രണ്ടാമത് പരീക്ഷണം (ഡ്രൈ റണ്‍) വെള്ളിയാഴ്ച നടന്നു.