Sorry, you need to enable JavaScript to visit this website.

യുപിയില്‍ ഡോള്‍ഫിനെ അടിച്ചു കൊന്ന മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ലഖ്‌നൗ- വംശനാശഭീഷണി നേരിടുന്ന ജലജീവി പട്ടികയില്‍ ഉള്‍പ്പെട്ട ഗംഗാ ഡോള്‍ഫിനെ വടിയും ദണ്ഡും ഉപയോഗിച്ച് ക്രൂരമായി അടിച്ചുകൊല്ലുന്ന വിഡിയോ വൈറലായതിനു പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം ഡിസംബര്‍ 31ന് നടന്നതാണെന്നും പ്രതികളിപ്പോള്‍ ജയിലിലാണെന്നും പ്രതാപ്ഗഢ് പോലീസ് അറിയിച്ചു. ഒരു സംഘം ആളുകള്‍ ചേര്‍ന്ന് അതിക്രൂരമായി ഡോള്‍ഫിനെ പിടികൂടി അടിച്ചു കൊല്ലുന്ന ദൃശ്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഏതാനും പേര്‍ ചേര്‍ന്ന് പിടിച്ചുവച്ചാണ് ഡോള്‍ഫിനെ ക്രൂരമായി മര്‍ദിച്ചത്. ഒരു കാര്യവുമില്ലാതെയാണ് അതിനെ ആക്രമിക്കുന്നതെന്ന് ആരോ വിളിച്ചു പറയുന്ന ശബ്ദവും വിഡിയോയിലുണ്ട്. മര്‍ദനമേറ്റ് രക്തമൊലിക്കുന്നതിനിടെ മഴു ഉപയോഗിച്ച് വെട്ടിക്കീറുന്നതും ദൃശ്യത്തിലുണ്ട്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ചത്തു കിടക്കുന്ന ഡോള്‍ഫിനെയാണ് കണ്ടത്. എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷിച്ചെങ്കിലും ആരും മറുപടി നല്‍കിയില്ല. പിന്നീട് വിഡിയോ വൈറലയാതോടെയാണ് കേസെടുത്ത് പ്രതികളെ കണ്ടെത്തി പിടികൂടിയത്. പ്രതാപ്ഗഢിലെ ഒരു കനാല്‍ തീരത്താണ് സംഭവം. സമീപ ഗ്രാമത്തിലെ യുവാക്കളാണ് പിടിയിലായത്.

Latest News