Sorry, you need to enable JavaScript to visit this website.

കാപിറ്റോള്‍ കലാപത്തില്‍ ഒരു പോലീസുകാരന്‍ കൂടി മരിച്ചു; അറസ്റ്റ് തുടരുന്നു

വാഷിംഗ്ടണ്‍- അമേരിക്കയില്‍ പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ  കലാപത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. അക്രമത്തില്‍ പരിക്കേറ്റ പോലീസുകാരനാണ് ഒടുവില്‍ മരിച്ചത്. വാഷിംഗ്ടണ്‍ ഡിസിയിലും കാപ്പിറ്റോള്‍ മന്ദിരത്തിലും മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തില്‍ രണ്ടു സ്ത്രീകളടക്കം നാലു പേര്‍ നേരത്തെ മരിച്ചിരുന്നു. വ്യാപക അക്രമം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു വരികയാണ്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അറസ്റ്റ്.
ബുധനാഴ്ച പകല്‍ ഒരുമണിയോടെ ബാരിക്കേഡുകള്‍ തകര്‍ത്ത് പാര്‍ലമെന്റ് വളപ്പില്‍ പ്രവേശിച്ച പ്രതിഷേധക്കാരെ തടയാന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. കൂടുതല്‍ പോലീസ് എത്തുമ്പോഴേക്കും പ്രതിഷേധക്കാര്‍ കൂടുതല്‍ അക്രമം നടത്തിയിരുന്നു. സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഓഫിസിലടക്കം കടന്നുകയറിയ പ്രതിഷേധക്കാര്‍ ഓഫിസ് സാധനങ്ങള്‍ കേടുവരുത്തി.
പ്രതിഷേധക്കാരില്‍ പലരും ആയുധധാരികളായിരുന്നു.
കാപ്പിറ്റോള്‍ മന്ദിരം കയ്യേറിയ ട്രംപ് അനുയായികളുടെ വിവരങ്ങള്‍ എഫ്ബിഐ ശേഖരിക്കുന്നുണ്ട്. അക്രമികളെ  തിരിച്ചറിയാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ വിവരങ്ങള്‍ അടക്കം കൈമാറാന്‍ എഫ്.ബി.ഐ ജനങ്ങളോട് അഭ്യര്‍ഥിച്ചു. വാഷിംഗടണ്‍  ഡിസിയില്‍ ഇതുവരെ  68 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

 

Latest News