Sorry, you need to enable JavaScript to visit this website.

മഞ്ഞ് പാളികള്‍ക്കിടയിലൂടെ രണ്ട് കിലോമീറ്ററോളം  ഗര്‍ഭിണിയേയും ചുമന്ന് സൈനികര്‍ 

ശ്രീനഗര്‍-  കനത്ത മഞ്ഞു വീഴ്ച. കാല്‍മുട്ടോളം മഞ്ഞ്. കൊടും തണുപ്പ്. ഈ പ്രതികൂല സാഹചര്യത്തിലും ആശുപത്രിയിലെത്താന്‍ യാതൊരു മാര്‍ഗവുമില്ലാതെ ബുദ്ധിമുട്ടിയ ഗര്‍ഭിണിയായ യുവതിയെ നിശ്ചയദാര്‍ഢ്യം കൈവിടാതെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ച് സൈനികര്‍. ആഴമേറിയ മഞ്ഞ് പാളികള്‍ക്കിടയിലൂടെ രണ്ട് കിലോമീറ്ററോളം ഗര്‍ഭിണിയേയും ചുമന്ന് നടന്നാണ് സൈനികര്‍ ഇവരെ ആശുപത്രിയിലെത്തിച്ചത്.
ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് കുപ്‌വാരയിലെ കരല്‍പുരയിലുള്ള സൈനികരെ തേടി വടക്കന്‍ കശ്മീരിലെ ടാങ്മാര്‍ഗ് പ്രദേശത്തെ ഗ്രാമത്തില്‍ നിന്ന് സഹായം അഭ്യര്‍ഥിച്ചുള്ള ഒരു ഫോണ്‍ വിളിയെത്തുന്നത്. പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ചയാണെന്നും പ്രസവ വേദനയെത്തിയ തന്റെ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ല, സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് യുവതിയുടെ ഭര്‍ത്താവാണ് സൈനികരെ വിളിച്ചത്.
സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കിയ ഉടന്‍തന്നെ ഒരു ആരോഗ്യപ്രവര്‍ത്തകനേയും ഒപ്പംകൂട്ടി സൈനികര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചു. ക്യാമ്പില്‍ നിന്ന് ഏകദേശം അഞ്ച് കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് സൈനിക സംഘം ഗര്‍ഭിണിയുടെ വീട്ടിലേക്കെത്തിയത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഗര്‍ഭിണിയെ സ്‌ട്രെച്ചറില്‍ ചുമന്ന് രണ്ട് കിലോമീറ്ററോളം മഞ്ഞിലൂടെ നടന്ന് അടുത്തുള്ള റോഡ് വരെയെത്തിച്ചു. ഇവിടെനിന്നും യുവതിയെ അതിവേഗം അടുത്തുള്ള ആശുപത്രിയിലേക്കും എത്തിച്ചു.
മുന്‍കൂട്ടി അറിച്ചതിനാല്‍ യുവതിക്ക് ആവശ്യമായ അടിയന്തര ചികിത്സാ സൗകര്യങ്ങള്‍ ആശുപത്രിയില്‍ സജ്ജമാക്കിയിരുന്നു. വാര്‍ഡില്‍ പ്രവേശിച്ചതിന് പിന്നാലെ യുവതി ആരോഗ്യവാനായ ഒരു ആണ്‍കുഞ്ഞിന് ജന്‍മം നല്‍കുകയും ചെയ്തു.
സൈനികര്‍ ഗര്‍ഭിണിയെ സ്‌ട്രെച്ചറില്‍ ചുമന്ന് നടന്നുപോകുന്ന വീഡിയോ കേന്ദ്ര പ്രതിരോധ മന്ത്രാലയം ട്വിറ്ററിലൂടെ പുറത്തുവിട്ടു. 

 

Latest News