Sorry, you need to enable JavaScript to visit this website.

സൗദിയും ഖത്തറും ഉഭയകക്ഷി വ്യാപാരം ഉടൻ പുനരാരംഭിക്കും -ഫഹദ് അൽഅറജി

ദമാം- വ്യോമ, കര, സമുദ്ര അതിർത്തികൾ തുറന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വേഗത്തിൽ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി-ഖത്തർ ബിസിനസ് കൗൺസിൽ മുൻ വൈസ് പ്രസിഡന്റ് ഫഹദ് അൽഅറജി പറഞ്ഞു. ഉഭയകക്ഷി വ്യാപാരം പുനരാരംഭിക്കുന്നത് രണ്ടു രാജ്യങ്ങൾക്കും മേഖലക്കും ഗുണം ചെയ്യും. 2017 ൽ സൗദി-ഖത്തർ ഉഭയകക്ഷി വ്യാപാരം 700 കോടിയിലേറെ റിയാലായിരുന്നു. ഇതിൽ 85 ശതമാനവും ഖത്തറിലേക്കുള്ള സൗദി കയറ്റുമതിയായിരുന്നു. 


ഗൾഫ് സഹകരണ കൗൺസിലിലെ തറവാട് വീടാണ് സൗദി അറേബ്യ. ഇരു രാജ്യങ്ങളും തമ്മിലെ ജനങ്ങൾ തമ്മിൽ കുടുംബ ബന്ധങ്ങളുണ്ട്. അതിർത്തികൾ തുറക്കാനുള്ള തീരുമാനം ഗൾഫ് രാജ്യങ്ങൾക്ക് മൊത്തത്തിൽ ഗുണം ചെയ്യും. അറബ്, ഇസ്‌ലാമിക്, ഗൾഫ് രാജ്യങ്ങളുടെ താൽപര്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് സൗദി ഭരണാധികാരികൾ എക്കാലവും നടത്തുന്നത്. ബന്ധങ്ങളിലെ വിള്ളലുകൾ പരിഹരിക്കാനും സൗദി ഭരണാധികാരികൾ അതീവ താൽപര്യം കാണിക്കുന്നു. അനുരഞ്ജന തീരുമാനം ഗൾഫ് ഐക്യം ശക്തിപ്പെടുത്തും. ഇത് ഏറെ പ്രാധാന്യമേറിയ അവസരമാണ് എല്ലാവർക്കും നൽകുന്നത്. 


സൗദി അറേബ്യക്കും ഖത്തറിനുമിടയിലെ വ്യാപാരത്തിന്റെ മുഖ്യപാത സൽവ അതിർത്തി പോസ്റ്റ് ആണ്. സൗദി കയറ്റുമതിക്കാരെ സംബന്ധിച്ചിടത്തോളം ഖത്തർ പ്രധാന വിപണിയാണ്. പെട്രോകെമിക്കൽസ് ഉൽപന്നങ്ങൾ, പ്ലാസ്റ്റിക്, നിർമാണ വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ, പഴവർഗങ്ങൾ, കന്നുകാലികൾ എന്നിവ അടക്കം എല്ലാവിധ ഉൽപന്നങ്ങളും സൗദിയിൽ നിന്ന് ഖത്തർ ഇറക്കുമതി ചെയ്യുന്നതായി ഫഹദ് അൽഅറജി പറഞ്ഞു.


സൽവ അതിർത്തി പോസ്റ്റ് വഴി പ്രതിവർഷം ആയിരക്കണക്കിന് ടൺ ഉൽപന്നങ്ങൾ വഹിച്ച് മൂന്നര ലക്ഷം ലോറികളും ട്രക്കുകളും കടന്നു പോകുന്നുണ്ടെന്നാണ് കണക്ക്. വർഷത്തിൽ പതിമൂന്നു ലക്ഷത്തിലേറെ കാറുകളും ഇതുവഴി കടന്നുപോകുന്നു. കിഴക്കൻ പ്രവിശ്യയിലെ അൽ ഉദൈദ് സബ് ഗവർണറേറ്റിനു കീഴിലുള്ള സൽവ അതിർത്തി പോസ്റ്റ് തലസ്ഥാന നഗരിയായ റിയാദിൽ നിന്ന് 460 കിലോമീറ്റർ ദൂരെയാണ്.


 

Latest News