ആമസോണ്‍ മേധാവിയെ കടത്തിവെട്ടി ഇലന്‍ മസ്‌ക് ലോക സമ്പന്നരില്‍ ഒന്നാമന്‍

ന്യൂയോര്‍ക്ക്- ആമസോണ്‍ മേധാവി ജെഫ് ബെസോസിനെ പിന്നിലാക്കി ടസ് ല, സ്‌പെയ്‌സ് എക്‌സ് മേധാവി ഇലന്‍ മസ്‌ക് ആഗോള സമ്പന്നരില്‍ ഒന്നാം സ്ഥാനത്തെത്തി. ലോകത്തെ ഏറ്റവും മികച്ച ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ് ലയുടെ ഓഹരി വില 4.8 ശതമാനം വര്‍ധിച്ചതോടെയാണ് മസ്‌ക് ലോകത്തെ 500 അതിസമ്പന്നരുടെ പട്ടികയായ ബ്ലൂംബര്‍ഗ് ബില്യനയേഴ്‌സ് ഇന്‍ഡക്‌സില്‍ ഒന്നാമതെത്തിയത്. മസ്‌കിന്റെ ആസ്തി 188.5 ബില്യണ്‍ ഡോളറാണ്. ബെസോസിന്റെ ആസ്തിയേക്കാള്‍ 1.5 ബില്യണ്‍ ഡോളര്‍ അധികം. 2017 മുതല്‍ ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബെസോസ് രണ്ടാം സ്ഥാനത്തായി. ഒരു വര്‍ഷത്തിനിടെ മസ്‌കിന്റെ ആസ്തിയില്‍ 150 ബില്യണിലേറെ ഉയര്‍ന്നു.ഒരു പക്ഷെ ചരിത്രത്തിലെ ഏറ്റുവം വേഗതയേറിയ സമ്പത്തു വര്‍ധനയായിരിക്കും ഇത്. ഇതോടൊപ്പം ടെസ് ലയുടെ ഓഹരി മൂല്യവും വര്‍ധിച്ചു. ഒരു വര്‍ഷത്തിനിടെ 743 ശതമാനമാണ് ഉയര്‍ന്നത്. 

ആസ്തിയില്‍ കുതിച്ചുയരുകയാണെങ്കിലും തനിക്ക് ഇതില്‍ വലിയ താല്‍പര്യമില്ലെന്ന് 49കാരനായ മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. ടെസ്‌ല, ബഹിരാകാശ യാത്രാ വാഹന നിര്‍മാണ കമ്പനിയായ സ്‌പെയ്‌സ് എക്‌സ് എന്നീ കമ്പനികളിലെ ഓഹരിക്കു പുറമെ മസ്‌ക് മറ്റു ആസ്തികളൊന്നും കാര്യമായി ഇല്ല. ബഹിരാകാശത്തോളം വളരുന്ന നാഗരികതയിലേക്കുള്ള മനുഷ്യന്റെ പരിണാമത്തെ ത്വരിതപ്പെടുത്തുകയാണ് തന്റെ സ്വത്ത് കൊണ്ട് മുഖ്യമായും ലക്ഷ്യമിടുന്നതെന്ന് മസ്‌ക് കഴിഞ്ഞ മാസം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
 

Latest News