ഓണ്‍ലൈനില്‍ ആവശ്യക്കാരേറി; വിതരണം ചെയ്തത് 10 ലക്ഷം കോണ്ടം

ബംഗളൂരു- പരസ്യമായി ഗര്‍ഭനിരോധന ഉറകള്‍ വാങ്ങാനുള്ള ഇന്ത്യക്കാരുടെ വൈമുഖ്യം കണക്കിലെടുത്ത് ആരംഭിച്ച ഓണ്‍ലൈന്‍ സ്‌റ്റോര്‍ വന്‍ വിജയം. സൗജന്യ വിതരണത്തിനു ആരംഭിച്ച ഓണ്‍ലൈന്‍ സ്‌റ്റോര്‍ 69 ദിവസം കൊണ്ട് പത്ത് ലക്ഷത്തോളം ഉറകളാണ് ഇന്ത്യക്കാരുടെ കൈകളിലെത്തിച്ചത്. സന്നദ്ധ സംഘടനകള്‍ വഴി 5.14 ലക്ഷവും വ്യക്തികള്‍ക്ക് ഓണ്‍ലൈന്‍ വഴി 4. 41 ലക്ഷവും ഉറകളാണ് വിതരണം ചെയ്തത്. ദല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നാണ് ആവശ്യക്കാര്‍ കൂടുതല്‍. 
പൊതുമാര്‍ക്കറ്റില്‍ പോയി വാങ്ങാന്‍ ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും മടിയാണെന്ന നിഗമനത്തിലാണ്  എയ്ഡ്‌സ് ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്‍ ഗര്‍ഭ നിരോധന ഉറകള്‍ സൗജന്യമായി വിതരണം ചെയ്യാന്‍   ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിച്ചത്. ഈ വര്‍ഷം ഏപ്രില്‍ 28ന് ആരംഭിച്ച ശേഷം 69 ദിവസംകൊണ്ട് ഓണ്‍ലൈനിലൂടെ രാജ്യത്തെമ്പാടും സൗജന്യമായി വിതരണം ചെയ്യപ്പെട്ട ഗര്‍ഭനിരോധന ഉറകളുടെ എണ്ണം ഫൗണ്ടേഷന്‍ അധികൃതരെപ്പോലും ഞെട്ടിച്ചു. സുരക്ഷിത ലൈംഗിക ബന്ധം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എയ്ഡ്‌സ് നിയന്ത്രണത്തിനായി ഏറെ പ്രചരണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അപ്പോഴൊന്നുമില്ലാത്ത സ്വീകാര്യതയാണ് ഗര്‍ഭനിരോധന ഉറകള്‍ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.  സ്വയംവെളിപ്പെടുത്താതെ ഇവ വാങ്ങാം എന്നതാണ് ഇതിനു കാരണമെന്നാണ് എയ്ഡ്‌സ് ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്റെ ഓണ്‍ലൈന്‍ സ്റ്റോറില്‍നിന്നുള്ള കണക്കുകള്‍ നല്‍കുന്ന സൂചന. പൊതു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡുമായി ചേര്‍ന്നാണ് എയ്ഡ്‌സ് ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്‍ സൗജന്യ ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നത്. ഇതിനു മാത്രമായി പ്രത്യേക ബ്രാന്‍ഡിലുള്ള ഉല്‍പന്നങ്ങളാണ് എച്ചഎല്‍എല്‍ നിര്‍മിക്കുന്നത്. ഡിസംബര്‍ വരെയുള്ള വിതരണത്തിനാണ് 10 ലക്ഷം ഉറകള്‍ തയാറാക്കിയതെങ്കിലും ജൂണ്‍ മാസത്തില്‍ത്തന്നെ ഇവ തീര്‍ന്നതായി ഫൗണ്ടേഷന്‍ മേധാവി ഡോ. വി. സാം പ്രസാദ് പറഞ്ഞു. തുടര്‍ന്ന് 20 ലക്ഷത്തിനു കൂടി ഓര്‍ഡര്‍ നല്‍കി. ജനുവരിയില്‍ 50 ലക്ഷംകൂടി എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 
ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങളില്‍ 30 ശതമാനമാണ് ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗമെങ്കില്‍, ഇന്ത്യയില്‍ അത് അഞ്ചു ശതമാനം മാത്രമാണെന്നാണ് കണക്ക്.  


 

Latest News