കെ.എം.ഷാജി എം.എല്‍.എയെ വിജിലന്‍സ് ചോദ്യം ചെയ്തു

കണ്ണൂര്‍- അഴീക്കോട് സ്‌കൂള്‍ കോഴ കേസുമായി ബന്ധപ്പെട്ട് കെ.എം. ഷാജി എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്തു. കണ്ണൂര്‍ വിജിലന്‍സ് ഓഫിസില്‍ വെച്ചാണ് ഷാജിയെ ചോദ്യം ചെയ്തത്.  അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി യെന്ന പരാതിയിലാണ് അന്വേഷണം.

 വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഷാജി വരവില്‍ക്കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന ഹരജിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കോഴിക്കോട് കോടതി നവംബറില്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനു കത്തു നല്‍കി.

നിയമസഭാ സെക്രട്ടറിയുടെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാണ് ആഭ്യന്തര സെക്രട്ടറി അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17എ പ്രകാരം അനുമതി നല്‍കിയത്.

Latest News