Sorry, you need to enable JavaScript to visit this website.

പൂനെയിൽ നിന്ന് വാക്‌സിനുകളുമായി വിമാനങ്ങൾ പറന്നുയരും 

ന്യൂദൽഹി-കോവിഡ് വാക്‌സിനുകളുടെ വിതരണം ഉടൻ ആരംഭിക്കും. വാക്‌സിനുകൾ വിവിധ കേന്ദ്രങ്ങളിലേക്ക് ഇന്നോ, നാളെ ആയി എത്തുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വാക്‌സിനുകൾ എത്തിക്കുന്നതിനായി യാത്രാ വിമാനങ്ങൾ സർക്കാർ അനുവദിച്ചു. കോവിഡ് വാക്‌സിൻ വിതരണത്തിന്റെ പ്രധാന കേന്ദ്രം പുണെ ആയിരിക്കും. രാജ്യത്തുടനീളം 41 കേന്ദ്രങ്ങളിലേക്കുള്ള വാക്‌സിനുകൾ പുനെയിൽ നിന്നാകും എത്തുക.
ഉത്തരേന്ത്യയിൽ ദൽഹിയും കർണാലും മിനി ഹബ്ബുകളാക്കും. കിഴക്കൻ മേഖലയിൽ കൊൽക്കത്തയിലാകും പ്രധാന വിതരണ കേന്ദ്രം, വടക്കു കിഴക്കൻ മേഖലയുടെ നോഡൽ പോയിന്റ് ഇതായിരിക്കും. ചെന്നൈയും ഹൈദരാബാദുമാണ് ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രങ്ങളെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.  രാജ്യവ്യാപകമായി നാളെ കോവിഡ് വാക്‌സിൻ ഡ്രൈ റൺ നടത്താനിരിക്കെ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ചർച്ച നടത്തി. വാക്‌സിനെതിരായ തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാൻ സംസ്ഥാന അധികാരികളോട് മന്ത്രി ആവശ്യപ്പെട്ടു.
'ആദ്യ ഘട്ടത്തിൽ നാല് സംസ്ഥാനങ്ങളിൽ നടത്തിയ ഡ്രൈ റണ്ണിന്റെ പ്രതികരണങ്ങൾ യോഗം ചർച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പുരോഗതി വരുത്തേണ്ട കാര്യങ്ങളും ചർച്ച ചെയ്തു. നാളെ 33 സംസ്ഥാനകേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഡ്രൈ റൺ നടത്തും' സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഹർഷ വർദ്ധൻ പറഞ്ഞു.
വാക്‌സിൻ കുത്തിവെക്കുന്നവർക്ക് പരിശീലനം നൽകുന്നുണ്ടെന്നും കുത്തിവെച്ച വ്യക്തിയെ അരമണിക്കൂർ നിരീക്ഷിക്കേണ്ടതടക്കമുള്ള മാർഗ്ഗനിർദേശങ്ങൾ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഷീൽഡും കോവാക്‌സിനും രാജ്യത്ത് ലഭ്യമാകുന്നതിന്റെ അവസാനഘട്ടത്തിലാണ്. തടസ്സമില്ലാതെ വാക്‌സിൻ വിതരണം നടത്തുന്നതിന്റെ ശ്രമങ്ങളാണിപ്പോൾ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര, കേരളം, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ അടുത്തിടെ വലിയ രീതിയിൽ കേസുകൾ വർദ്ധിച്ചു. കോവിഡ് മുൻകരുതലുകൾ മറക്കരുതെന്നും അതിനെതിരായ പോരാട്ടം തുടരേണ്ടതുണ്ടെന്നും ഇത് മുന്നറിയിപ്പ് നൽകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി രൂപീകരിച്ച വിദഗദ്ധ സമിതിയുടെ നിർദേശമനുസരിച്ച് വാക്‌സിനേഷൻ ചില മുൻഗണനാ ഗ്രൂപ്പുകളുണ്ടെന്നും ഹർഷ് വർദ്ധൻ പറഞ്ഞു.


 

Latest News