കോവിഡ് മാറ്റിയെഴുതിയ ജീവിതം; ഫോട്ടോഗ്രാഫി മത്സരത്തില്‍ പങ്കെടുക്കാം

തിരുവനന്തപുരം- ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി  ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.

‘കോവിഡ് മാറ്റിയെഴുതിയ ജീവിതം’ ആണ് വിഷയം. ജനുവരി 26 വരെ https://statephotographyaward.kerala.gov.in/ ല്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. കേരളം പശ്ചാത്തലമായ ഫോട്ടോഗ്രാഫുകള്‍ക്കാണ് മുന്‍ഗണന.

മത്സരത്തിന് ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം. ഫോട്ടോഗ്രാഫി പ്രൊഫഷനായി സ്വീകരിച്ചവര്‍ക്കും അമച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

സര്‍ക്കാര്‍ വകുപ്പുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരായി ജോലി ചെയ്യുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയില്ല.

മത്സരത്തില്‍ എന്‍ട്രികളായി ലഭിക്കുന്ന ഫോട്ടോകള്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന് നിയന്ത്രണവിധേയമായി ഉപയോഗിക്കാന്‍ അധികാരം ഉണ്ടായിരിക്കും.

എന്‍ട്രികളില്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകള്‍ക്ക് യഥാക്രമം 50,000, 30,000, 25,000 രൂപ വീതം സമ്മാനം നല്‍കും. കൂടാതെ ഓരോ ജേതാവിനും സാക്ഷ്യപത്രവും ശില്‍പവും ലഭിക്കും.

പത്തുപേര്‍ക്ക് പ്രോത്സാഹനസമ്മാനം ആയി 2500 രൂപ വീതവും സാക്ഷ്യപത്രവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://statephotographyaward.kerala.gov.in/

Latest News