വാഷിംഗ്ടൺ- അമേരിക്കൻ ക്യാപിറ്റോൾ മന്ദിരത്തിന് നേരെ നടന്ന ആക്രമണത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിര രൂക്ഷ വിമർശനവുമായി ലോക നേതാക്കൾ. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടക്കമുള്ളവർ ട്രംപിനെ വിമർശിച്ച് രംഗത്തെത്തി. ജനാധിപത്യത്തിന് വില നൽകുന്ന രാജ്യമാണ് അമേരിക്കയെന്നും ലോകം അമേരിക്കയെ കാണുന്നത് അങ്ങിനെയാണെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി. സമാധാനപരമായ അധികാരക്കൈമാറ്റം സാധ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്യാപിറ്റോളിന് നേരെയുണ്ടായ ആക്രമണം ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ്. അത് അപലപിക്കുന്നു. അമേരിക്കൻ ജനങ്ങളുടെ ആഗ്രഹവും വോട്ടും വിലക്കെടുക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തു.
ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കണമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്‌റ്റോളൻബെർഗ് അഭിപ്രായപ്പെട്ടു. അമേരിക്കയുടെ ജനാധിപത്യത്തിൽ വിശ്വസിക്കുന്നുവെന്നും ഈ സംഘർഷം നിറഞ്ഞ സാഹചര്യം ജോ ബൈഡൻ അതിജീവിക്കുമെന്നും സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. ട്രംപിന്റെ അധികാരം റദ്ദാക്കണമെന്നാണ് പോളണ്ട് ആവശ്യപ്പെട്ടത്. അക്രമാസക്തരായ ആൾക്കൂട്ടത്തിന്റെ ശബ്ദമല്ല, വോട്ട് ചെയ്ത ജനങ്ങളുടെ ശബ്ദമാണ് കേൾക്കേണ്ടതെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ പറഞ്ഞു.