Sorry, you need to enable JavaScript to visit this website.

നൈപുണ്യവികാസം എന്ന അനിവാര്യത

പി.ടി ഫിറോസ്

കോവിഡ് പ്രത്യാഘാതം  ലോക തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ആദ്യമേ തന്നെ തൊഴിലിടങ്ങളിൽ സംഭവിച്ചുകൊണ്ടിരുന്ന മാറ്റങ്ങൾ ദ്രുതഗതിയിലാക്കി എന്നു വിലയിരുത്തുന്നതാകും കൂടുതൽ ശരി. ഈ മാറ്റങ്ങളെക്കുറിച്ച് എത്രത്തോളം കൃത്യമായി മനസ്സിലാക്കുന്നുവെന്നും അതിനനുസൃതമായ രീതിയിൽ സ്വയം ക്രമീകരിക്കപ്പെടുന്നുവെന്നതുമാണ് ഏറ്റവും പ്രധാനമായ കാര്യം. 
പഴയ രീതിയിലേക്കും ക്രമത്തിലേക്കും ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ല. മാറ്റങ്ങൾ ഉൾക്കൊള്ളാനായില്ലെങ്കിൽ പുതുതായി തൊഴിൽ തേടുന്നവർക്കൊപ്പം ഇപ്പോൾ വിവിധമേഖലകളിൽ ജോലി ചെയ്യുന്നവരേയും  അത് പ്രതികൂലമായി ബാധിക്കുമെന്നതിൽ സംശയമില്ല.
അക്കാദമിക യോഗ്യതയുടെയോ പരിചയസമ്പത്തിന്റെയോ അടിസ്ഥാനത്തിൽ മാത്രം പുതിയ തൊഴിൽ വിപണിയിൽ പ്രവേശനം ലഭിക്കുമെന്നോ നിലവിലുള്ള ജോലിയിൽ അഭിവൃദ്ധി നേടാനാകുമെന്നോ കരുതുക ഇനി പ്രയാസമാണ്. 
യോഗ്യതകൾക്കപ്പുറം നൈപുണ്യത്തിനും ശേഷികൾക്കുമാണ് ഇപ്പോൾ പ്രധാന്യം. മികച്ച ശേഷിയും വൈഭവവും പ്രകടിപ്പിക്കാനാവുന്നവർക്ക് നല്ല അംഗീകാരം ലഭിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. കേവലമായ യോഗ്യതകളെയും സർട്ടിഫിക്കറ്റുകളെയും മാത്രം അവലംബമാക്കി തൊഴിൽരംഗത്തെ വെല്ലുവിളികൾ നേരിടാൻ ശ്രമിക്കുന്നവർ കാലിടറിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. 
പുതുകാലത്ത് നൈപുണ്യവികാസം എന്നത് വളരെ പ്രാധാന്യപൂർവ്വം കാണേണ്ട പ്രക്രിയ ആയി കണക്കാക്കപ്പെടുന്നത് ഇതുകൊണ്ടാണ്. 
ഉത്പാദനക്ഷമത  വർദ്ധിപ്പിക്കുവാനും മത്സരക്ഷമമായ വിപണിയിലെ വെല്ലുവിളികൾ ഫലപ്രദമായി നേരിടാനും തൊഴിൽ ഉടമക്ക് മുന്നിൽ മികച്ച നൈപുണ്യവും വൈഭവവും ഉള്ളവരെ മാത്രം നിലനിർത്തുക എന്നതല്ലാതെ മറ്റു മാർഗമില്ല.  ഏറ്റവും താഴേക്കിടയിലെ തസ്തികയിലുള്ളവർ മുതൽ സ്ഥാപന മേലധികാരി വരെയുള്ളവർ അവരവരുടെ ശേഷിയും വൈഭവവും ക്രമാനുഗതമായി വളർത്തുന്നതിന് ബോധപൂർവമായ ശ്രമങ്ങൾ നടത്തുകതന്നെ വേണം. നേരത്തെ ആർജ്ജിച്ചെടുത്ത യോഗ്യതകൾക്ക് അനുബന്ധമായി തൊഴിൽ സാഹചര്യത്തിന് അനുഗുണമായ വൈഭവങ്ങളും ശേഷികളും വളർത്തിക്കൊണ്ടുവരാൻ ബോധപൂർവ്വം ശ്രമിച്ചക്കുമ്പോൾ ജീവനക്കാർ സ്ഥാപനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുവാൻ കൂടി സഹായിക്കുകയാണ്. അതോടൊപ്പം അവരവരുടെ സ്വയം ശാക്തീകരണം കൂടി നടക്കുന്നു. ഇത് തൊഴിലിടങ്ങളിലെ പുതിയ ഉത്തരവാദിത്തങ്ങളിലേക്കും പദവികളിലേക്കും പ്രവേശിക്കാനുള്ള സാധ്യത കൂടിയാണ് വർധിപ്പിക്കുന്നത്. 
ലോക സാമ്പത്തിക ഫോറത്തിന്റെ 2020 ജനുവരിയിലെ പ്രഖ്യാപനം നൈപുണ്യ വികാസത്തിന്റെ അടിയന്തര പ്രാധാന്യത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. പുത്തൻ വ്യാവസായിക വിപ്ലവത്തിന്റെ ഫലമായുണ്ടായ സാങ്കേതിക വികാസം മൂലം 2030ഓടു കൂടി നൂറു കോടി ആളുകൾക്കെങ്കിലും ലോകമെമ്പാടും ഗണ്യമായ രീതിയിൽ നൈപുണ്യ വികാസം ആവശ്യമായി വരുമെന്നാണ് ലോക സാമ്പത്തിക ഫോറം വിലയിരുത്തിയത്.
നൂതനമായ ശേഷികൾ ഉളളവർക്ക് മാത്രം ചെയ്യാനാവുന്ന പുതിയതൊഴിലുകൾ വരുന്നതോടൊപ്പം നിലവിലുള്ള ജോലികൾ ഫലപ്രദമായി ചെയ്യാനും ശേഷീവികാസം അനിവാര്യമാണ്. പുതിയ സ്‌കില്ലുകൾ പഠിച്ചെടുക്കുന്നതിനും അവ പ്രയോഗത്തിൽ വരുത്തി കാര്യക്ഷമമായ രീതിയിൽ ജോലി മുന്നോട്ട് കൊണ്ട് പോകുവാനുള്ള പരിശ്രമം നടത്തുവാൻ വയസ്സ്, ജോലിയുടെ സ്വഭാവം, വിദ്യാഭ്യാസ യോഗ്യത,  ആൺ പെൺ വ്യത്യാസം, ഇപ്പോൾ താമസിക്കുന്ന സ്ഥലം എന്നിവയൊന്നും തടസ്സങ്ങളല്ല. ലോക്ഡൗൺകാലത്ത് ലോകത്തിന്റെ  വിവിധഭാഗങ്ങളിലിരുന്ന് ഓൺലൈൻ സംവിധാനങ്ങളിലൂടെ പുത്തൻ അറിവുകളും നൂതനശേഷികളും ആർജ്ജിച്ചതിന്റെ ശതക്കണക്കിനു ഉദാഹരണങ്ങളുണ്ട്.   
ലോകം മുഴുവൻ ഒരു സർവകലാശാലയാണ് എന്ന തരത്തിൽ അതിശീഘ്രം കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്ന  സാഹചര്യത്തിൽ പുതിയ അറിവുകളും കഴിവുകളും എങ്ങനെ ആർജ്ജിച്ചെടുക്കാം എന്നതിനെക്കുറിച്ചുള്ള ധാരണയാണ് ആദ്യം സൃഷ്ടിച്ചെടുക്കേണ്ടത്. ദീർഘദൃഷ്ടിയോടെയും വിവേകത്തോടെയും കാര്യങ്ങളെ നോക്കിക്കാണുന്ന ലോകമെമ്പാടുമുള്ള വ്യക്തികളും കൂട്ടായ്മകളും സ്ഥാപനങ്ങളും ഈഘട്ടത്തിൽ നൈപുണ്യ വികാസത്തിനുള്ള അവസരങ്ങൾ ഫലപ്രദമായി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സാങ്കേതിക മേഖലയിലെ കുതിച്ചുചാട്ടവും വികാസവും ഉപഭോക്താവിന്റെ അനുദിനം മാറിക്കൊണ്ടിരിക്കുന്ന അഭിലാഷങ്ങളും തൊഴിൽ വിപണിയിലെ അതിശക്തമായ മത്സരങ്ങളും കാരണം അനുദിനമെന്നോണം എല്ലാവരുടെയും വൈഭവവും ശേഷിയും പുതുക്കിയും പരിഷ്‌ക്കരിച്ചും കൊണ്ടു മാത്രമേ മുന്നോട്ട് പോകാനാകൂ. അവരവരുടെ തൊഴിൽ ഇടങ്ങളിൽ ആവശ്യമുള്ള സ്‌കില്ലുകൾക്ക് പുറമെ മറ്റു ചില അനുബന്ധ ശേഷികളും വളർത്തിക്കൊണ്ടുവരണം.  രാജ്യങ്ങൾ തമ്മിലുള്ള ഭൂമിശാസ്ത്ര അതിർത്തികൾ അപ്രസക്തമായിരിക്കെ, തൊഴിലുടമക്ക് ലോകത്തിന്റെ ഏതുഭാഗത്തുനിന്നുമുള്ള തൊഴിലാളികളെയും അനായാസം ലഭ്യമാണ്. 
വ്യത്യസ്ത വ്യവഹാര മേഖലകളിൽ പലതരത്തിലുള്ള തൊഴിലിൽ വ്യാപരിക്കുന്നവർക്ക് അവരവരുടെ ഓരോ ദിവസത്തെയും ചുമതലകൾ ചെയ്തുതീർക്കുന്നതിന് പരമ്പരാഗതമായ രീതിയും സംവിധാനവും ഒഴിവാക്കി കൂടുതൽ എളുപ്പത്തിലും കാര്യക്ഷമമായും ഉള്ള നിർവഹണ രീതികൾ കൈക്കൊള്ളുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.  പുത്തൻ സോഫ്റ്റ്‌വെയറുകളും ലഭ്യമായ മറ്റു ആപ്ലിക്കേഷനുകളും വിവേകത്തോടെ ഉപയോഗപ്പെടുത്തിയാൽ അത്ഭുതകരമായ ഫലപ്രാപ്തി കൈവരും. 
കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ ചെയ്തു തീർക്കുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസവും ഊർജ്ജവും തൊഴിൽമേഖലയിൽ നവോന്മേഷം പകരാതിരിക്കില്ല. ശേഷികൾ പ്രായോഗികമായി പരിശീലിച്ചെടുക്കുകയും അവ ആവശ്യാനുസരണം പ്രയോഗവത്ക്കരിക്കുകയും ചെയാനുള്ള പ്രയോഗികജ്ഞാനമാണ് ഏറ്റവും പ്രധാനം. പുസ്തകങ്ങളിൽ നിന്ന് പഠിച്ചെടുക്കുന്ന അറിവിനേക്കാൾ  മൂർച്ഛയേറും പ്രായോഗിക പരിജ്ഞാനത്തിലൂടെനേടുന്ന തിരിച്ചറിവിന്. 'ചെയ്തുകൊണ്ട് പഠിക്കുന്ന' സംവിധാനമായിരിക്കും ഈ കാലഘട്ടത്തിൽ കൈമുതലാക്കാവുന്ന ഏറ്റവും അനുയോജ്യമായ പഠന, പരിശീലനരീതി. പഠനത്തിനും പരിശീലനത്തിനുമായി ദീർഘസമയം ചെലവഴിക്കാതെ ജോലി ചെയ്യുന്നതിലൂടെ കാര്യങ്ങൾ പഠിച്ചെടുക്കുന്ന ഈ സമ്പ്രദായത്തിന് ഗുണഫലങ്ങൾ നിരവധിയുണ്ട്.
അവരവരുടെ സൗകര്യവും താൽപര്യവും പരിഗണിച്ച് ഏറ്റവും ഉചിതമായ രീതിശാസ്ത്രം അവലംബിച്ച് വേണം നൈപുണ്യ വികാസത്തിനുള്ള സാധ്യതകൾ കണ്ടെത്താൻ. സമാനമായ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവരുമായി സഹകരിച്ച് ഒറ്റക്കും കൂട്ടായും ശേഷീ വികാസത്തിനും നിരന്തര പഠനത്തിനും അവസരങ്ങൾ കണ്ടെത്താം. ഇന്റർനെറ്റിന്റെ സാധ്യത ഫലപ്രദമായി ഉപയോഗപ്പെടുത്താനാവുമെങ്കിൽ ശേഷികൾ വർദ്ധിപ്പിക്കാനുള്ള അനന്തമായ സാധ്യതകൾ നിരവധി കണ്ടെത്താനാവും. അവരവരുടെ തൊഴിൽ മേഖലകൾക്ക് അനുസൃതമായ രീതിയിൽ പുത്തൻ ശേഷികൾ കണ്ടെത്താനും പടിച്ചെടുക്കാനും പറ്റിയ അസംഖ്യം സ്രോതസ്സുകൾ എമ്പാടുമുണ്ട്. വെബിനാറുകൾ, സൗജന്യപരിശീലനം,ഓൺലൈൻകോഴ്‌സുകൾ എന്നിങ്ങനെ നിരവധിസാധ്യതകൾ അവരവരുടെ സൗകര്യമനുസരിച്ച് അനുയോജ്യമായ രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ്. സൗജന്യമായതോ  അതല്ലെങ്കിൽ തുച്ഛമായ പണം മുടക്കിയോ നമുക്കാവശ്യവുമായ വൈഭവങ്ങൾ ആർജ്ജിച്ചെടുക്കാനുള്ള ഇത്തരം അവസരം ഉപയോഗപ്പെടുത്താൻ തയാറാകുന്നില്ല എന്നതാണ്  ഏറെ ഖേദകരം.
 പുതുതായി ജോലിക്ക് ശ്രമിക്കുന്നവരാണെങ്കിൽ ഇന്റേൺഷിപ്പ്, ജോബ് ഷാഡോവിങ് എന്നീ മാർഗങ്ങളിലൂടെയും ആവശ്യമായ ശേഷി നേടി തൊഴിലിടങ്ങളിൽ മാന്യമായപ്രവേശനം ഉറപ്പു വരുത്താം.  തുടർച്ചയായ പഠന പരിശീലന പ്രക്രിയയിലൂടെ ക്രമാനുഗതമായ തൊഴിൽ വളർച്ച നേടാനാവുമെന്നതും അനുഭവ യാഥാർഥ്യമാണ്. 
അമിത ആത്മവിശ്വാസം മൂലമോ അലസത,അലംഭാവം എന്നിവ കാരണമോ കാര്യങ്ങൾ പഠിച്ചെടുക്കാനും ശേഷീ വർദ്ധനവിനും സമയം കണ്ടെത്താനാവാത്തവർ ക്രമേണ അവഗണിക്കപ്പെടാനും പരാജയത്തിന്റെ പടുകുഴിയിൽ പതിക്കുവാനും നല്ല സാധ്യതയുണ്ട്. 
കാര്യങ്ങളെ യഥാവിധി വിലയിരുത്തി പുതിയ സാഹചര്യങ്ങൾക്ക് അനുസൃതമായി വികസിപ്പിക്കേണ്ട വൈഭവങ്ങളും ശേഷികളും തിരിച്ചറിയുകയും ആർജ്ജിച്ചെടുക്കുകയും വേണം. കാര്യങ്ങളെ ശുഭാപ്തിവിശ്വാസത്തോടെ നോക്കിക്കാണാനും ആത്മവിശ്വാസവും സ്ഥിരോത്സാഹവും കൈമുതലാക്കി മുന്നോട്ട് പോകാനും സാധിച്ചാൽ വെല്ലുവിളികളെ പുഞ്ചിരിയോടെ അനായാസം നേരിടാം. അസാധ്യമെന്നോ ദുർഘടമെന്നോ കരുതുന്ന വെല്ലുവിളികളെ അനായാസം അതിജീവിക്കാൻ നൈപുണ്യ വികാസം സഹായിക്കുമെന്നതിൽ സംശയം വേണ്ട. 


 

Latest News