പ്രധാനമന്ത്രി മോഡിക്ക് ക്ഷേത്രം സമര്‍പ്പിക്കാനൊരുങ്ങി മലയാളി ബാലിക

തിരുവനന്തപുരം- ചിറയിന്‍കീഴ് ആനത്തലവട്ടത്തെ ശനീശ്വരക്ഷേത്രം പ്രധാനമന്ത്രിക്കു സമര്‍പ്പിക്കാനൊരുങ്ങി ഒരു ബാലിക. രാജ്യത്തു തന്നെ  ശനീശ്വരന്‍ മാത്രമായുള്ള പ്രതിഷ്ഠ അപൂര്‍വമാണ്. ഇവിടെ ശനീശ്വരനെ പ്രതിഷ്ഠിച്ചത് ഒരു ബാലികയാണെന്ന പ്രത്യേകത കൂടിയുണ്ട്. കൊല്ലം കടയ്ക്കല്‍ ചിതറ സ്വദേശികളായ അനിലന്‍ നമ്പൂതിരി- സ്മിത ദമ്പതികളുടെ മകള്‍ നിരഞ്ജനയാണ് ഇവിടെ ശനിദേവനെ പ്രതിഷ്ഠിച്ചത്. താന്ത്രിക മേഖലയിലെ പെണ്‍ സാന്നിദ്ധ്യം എന്ന നിലയില്‍ ഇത് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.   ഇവിടെ ക്ഷേത്രം നിര്‍മിക്കുന്നതിനും ചടങ്ങുകള്‍ നടത്തുന്നതിനും ഒരു സംഘം ആളുകള്‍ തടസ്സം നില്‍ക്കുന്നുവെന്നാണ് പരാതി.

https://www.malayalamnewsdaily.com/sites/default/files/2021/01/06/shani2.jpeg

പ്രതിഷ്ഠ നടത്തിയ മകളെ കൊണ്ടു തന്നെ വീഡിയോ ചെയ്യിപ്പിച്ചു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തിരിക്കുകയാണ് മാതാപിതാക്കള്‍.  പ്രധാനമന്ത്രിക്ക്  ഈ ക്ഷേത്രവും ക്ഷേത്രഭൂമിയും കൈമാറാന്‍ തയ്യാറാണെന്നാണ് വീഡിയോയില്‍ പറയുന്നത്.

ആഴ്ചയില്‍ ഒരു ശനിയാഴ്ച ശനീശ്വരന് ഒരു ദീപം തെളിക്കാനും നിവേദ്യം വെക്കാനും മറ്റൊരു വഴിയും തങ്ങളുടെ മുമ്പിലില്ലെന്ന് നിരഞ്ജന വീഡിയോയില്‍ പറയുന്നു. ഇവിടെ നീതി ലഭിക്കണമെങ്കില്‍ തന്റെ അച്ഛന് എന്തെങ്കിലും സംഭവിക്കണമെന്നു കൂടി ഈ കുട്ടി പറയുന്നു.

https://www.malayalamnewsdaily.com/sites/default/files/2021/01/06/shani3.jpeg

2012ല്‍ വിധവയായ ഒരു സ്ത്രീയില്‍നിന്ന് സ്മിത വിലയാധാരം ചെയ്തു വാങ്ങിയ ഈ ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് സ്മിതയുടെ മതാപിതാക്കള്‍ പരാതിപ്പെടുന്നത്.
2017  ല്‍  ക്ഷേത്രഭൂമിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നു വിലക്കി ആറ്റിങ്ങല്‍ മുന്‍സിഫ് കോടതി ഇന്‍ജങ്ഷന്‍ ഓര്‍ഡര്‍ പുറപ്പെടുവിക്കുകയും ചെയ്തു.  
പിതാവിന്റെയും അദ്ദേഹത്തിന്റെ ഗുരുനാഥന്മാരുടെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഒരു മണ്ഡലകാലം നീണ്ടു നിന്ന കഠിനമായ വ്രതാനുഷ്ഠാനങ്ങളും ഒമ്പതു ദിവസത്തെ ജലാധിവാസവും കഴിഞ്ഞ് ഷഠാധാര പ്രതിഷ്ഠ നടത്തുമ്പോള്‍ എതിര്‍പ്പയുര്‍ന്നിരുന്നു.
ഇന്‍ജങ്ഷന്‍ ഓര്‍ഡര്‍ നിലവിലുള്ള ക്ഷേത്ര ഭൂമിയിലെ തിടപ്പള്ളിയും വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും അക്രമിസംഘം തകര്‍ത്തുവെന്ന് അനിലന്‍ നമ്പൂതിരി പറയുന്നു. കോടതി ഉത്തരവു ലംഘിച്ചതിനെതിരെ അഡ്വ. ബിലഹരി മുഖേന ഹരജി ഫയല്‍ ചെയ്തുവരെങ്കിലും ഒന്നര വര്‍ഷമായിട്ടും നടപടികളായിട്ടില്ല. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം അസഭ്യവര്‍ഷം ചൊരിയുന്ന ദൃശ്യങ്ങള്‍ സഹിതം ചിറയിന്‍കീഴ് പോലീസിലും ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും മറ്റ് ഉന്നതാധികാരികള്‍ക്കും പരാതിപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് അനിലന്‍ പറയുന്നു.
പ്രദേശത്ത് മൂന്ന് ക്ഷേത്രങ്ങളുള്ള ട്രസ്റ്റിന്റെ ആളുകളാണ് തങ്ങള്‍ വിലയാധാരം ചെയ്തു കരമൊടുക്കുന്ന ക്ഷേത്രഭൂമി സ്വന്തമാക്കാന്‍ ശ്രമിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു.
ഏഴരശ്ശനി, അഷ്ടമത്തില്‍ ശനി, കണ്ടക ശനി എന്നൊക്കെ പറഞ്ഞ് വിശ്വാസികളെ ഭയപ്പെടുത്തി സാമ്പത്തിക ചൂഷണം നടത്തുന്നതിനെതിരെ തന്റെ മകളെ കൊണ്ട് ശനിദേവനെ പ്രതിഷ്ഠിച്ച് യഥാര്‍ത്ഥ നവോത്ഥാന പ്രവര്‍ത്തനം നടത്തുന്ന തന്നെ വേട്ടയാടുന്നത് വിശ്വാസത്തട്ടിപ്പുകാരും ക്ഷേത്രവ്യാപാരികളുമാണെന്നും അനിലന്‍ നമ്പൂതിരി ചൂണ്ടിക്കാട്ടുന്നു.

 

Latest News