Sorry, you need to enable JavaScript to visit this website.

വാളയാർ കേസ് സി.ബി.ഐക്ക് വിടണം-രമേശ് ചെന്നിത്തല

തിരുവനന്തപുരം- വാളയാറിലെ  രണ്ട് പെൺകുട്ടികളുടെ  ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതികളെ  വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും പോലീസിന്റെയും കേസ് നടത്തിപ്പിൽ  പ്രോസിക്യുഷന്റെയും  ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഈ കേസ് അട്ടിമറിക്കപ്പെടാനും, പ്രതികൾ രക്ഷപെടാനും കാരണമെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഹൈക്കോടതി ശരിവച്ചിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. 
കേസ് അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച ഹൈക്കോടതി അതി നിശിതമായാണ് വിമർശിച്ചിരിക്കുന്നത്.  സംസ്ഥാന പോലീസ് സേനക്ക് തന്നെ നാണക്കേടാണ് ഈ വിമർശനം. സി പി എം  പ്രാദേശിക നേതൃത്വവുമായി  പ്രതികൾക്കുള്ള അടുത്ത ബന്ധമാണ് കേസ് അട്ടിമറിക്കപ്പെടാൻ കാരണം. കേസന്വേഷണത്തിൽ തുടക്കത്തിലേ തന്നെ പാളിച്ചകൾ ഉണ്ടായെന്നും അന്വേഷണത്തോട് അവജ്ഞ തോന്നുന്നുമെന്നുള്ള കോടതിയുടെ നിരീക്ഷണം അതീവ  ഗൗരവതരമാണ്.  ജില്ലാ ശിശുക്ഷേമ സമതിയുടെ ചെയർമാൻ  കോടതിയിൽ പ്രതികൾക്ക് വേണ്ടി  ഹാജരായതും വന് വീഴ്ചയായിരുന്നു.
കേസ് അട്ടിമറിക്കപ്പെടില്ലന്ന് മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയതാണ്. എന്നിട്ടും പ്രതികൾ ശിക്ഷിക്കപ്പെടുന്ന രീതീയിൽ തെളിവുകൾ  ഹാജരാക്കാനോ,  വിചാരണ കാര്യക്ഷമമായി നടത്താനോ കഴിഞ്ഞില്ല. ഇതെല്ലാം   ഹൈക്കോടതി വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.   പട്ടികജാതി വിഭാഗത്തിൽ പെട്ട രണ്ട് പിഞ്ച്  പെൺകുട്ടികൾ  ദൂരൂഹമായി കൊല്ലപ്പെട്ടിട്ടും  അതിലെ പ്രതികളെ ശിക്ഷിക്കാൻ സർക്കാരിന് യാതൊരു താൽപര്യവുമില്ലായിരുന്നുവെന്നാണ്   ഇതിലൂടെ വ്യക്തമാകുന്നത്്.  അത് കൊണ്ട് ഈ പിഞ്ചു പെൺകുട്ടികളുടെ  കൊലപാതകത്തിലെ  ഒന്നാം   പ്രതി സർക്കാരും മുഖ്യമന്ത്രിയുമാണ്.
കേസ് അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ  വരുത്തിയ  സംസ്ഥാന പോലീസ് തന്നെ വീണ്ടും ഈ കേസ് അന്വേഷിക്കുന്നത് ശരിയല്ല.കുട്ടികളുടെ മാതാപിതാക്കളുടെ അഭിപ്രായം കൂടി മാനിച്ച് ഈ കേസ്  സി ബിഐ ക്ക് വിടണം.
 

Latest News