വാളയാർ കേസില്‍ പ്രതികളെ വെറുതെ വിട്ട വിധി ഹൈക്കോടതി റദ്ദാക്കി

കൊച്ചി- വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി.

കേസ് പുനര്‍വിചാരണയ്ക്കായി വിചാരണ കോടതിക്ക് കൈമാറി. സര്‍ക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീല്‍ അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. പാലക്കാട് പോക്‌സോ കോടതിയുടെ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

 

പ്രതികള്‍ ജനുവരി 20-ന് വിചാരണ കോടതിയില്‍ ഹാജരാകണം. പുനര്‍വിചാരണയുടെ ഭാഗമായി പ്രോസിക്യൂഷന് കൂടുതല്‍ സാക്ഷികളെ വിസ്തരിക്കാം. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും വിചാരണ കോടതിയുടെയും വീഴ്ചകള്‍ കോടതി അക്കമിട്ട് നിരത്തി. പോക്‌സോ കോടതി ജഡ്ജിമാര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിശീലനം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. 

 വിചാരണ കോടതിയെ സമീപിച്ച് തുടരന്വേഷണത്തിന് അനുമതി ലഭിച്ചാല്‍ കേസില്‍ വീണ്ടും അന്വേഷണം നടത്താം. ഈ സാഹചര്യത്തില്‍ നിലവിലെ കുറ്റപത്രത്തിലെ പോരായ്മകളും തെളിവുകളുടെ അപര്യാപ്തത പരിഹരിക്കാനും പോലീസിന് കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Latest News