കോഴിക്കോട്- പീഡനക്കേസില്‍ ജയിലിലടച്ച പ്രതി തൂങ്ങി മരിച്ചു. കുറ്റിയില്‍താഴം കരിമ്പയില്‍ ഹൗസില്‍ ബീരാന്‍ കോയയാണ് (59) കോഴിക്കോട് സബ്ജയിലില്‍ ബുധനാഴ്ച പുലർച്ചെ ജീവനൊടുക്കിയത്. സഹതടവുകാരെല്ലാം ഉറങ്ങിയ സമയത്ത് തോര്‍ത്ത് ഉപയോഗിച്ച് സെല്ലിന്‍റെ ജനലിലെ കമ്പിയില്‍ തൂങ്ങുകയായിരുന്നുവെന്ന് ജയിലധികൃതര്‍ പറഞ്ഞു.
ജയിലിലെ സെല്ലുകളിൽ പരിശോധന നടത്തുന്നതിനിടെ ജയില്‍ ജീവനക്കാരാണ് സംഭവം കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പന്തീരാങ്കാവ് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ പിടിയിലായ ബീരാന്‍കോയയെ ഇന്നലെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. കോവിഡ് പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് മറ്റു തടവുകാര്‍ക്കൊപ്പമാണ് താമസിപ്പിച്ചിരുന്നത്. ബീരാന്‍കോയയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ലെന്ന് ജയിലധികൃതര്‍ പറഞ്ഞു.






