ഡ്രൈവിംഗ് പരീക്ഷ പാസായ സന്തോഷത്തോടെ മടങ്ങിയ പ്രവാസിയുടെ മകന് ദാരുണാന്ത്യം

 വടക്കാഞ്ചേരി- ഡ്രൈവിംഗ് ടെസ്റ്റ് പാസായതിലുള്ള സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയ പ്രവാസിയുടെ മകന് വാഹനാപകടത്തില്‍ ദാരുണാന്ത്യം.

പാർളിക്കാട് വ്യാസ കോളജ് സ്റ്റോപ്പിൽ നടന്ന അപകടത്തില്‍ ദുബായിയിൽ ജോലി ചെയ്യുന്ന ചെമ്മനാംകുന്നേൽ വീട്ടിൽ ശശികുമാറിന്റെ മകൻ സനോജ് (22) ആണ് മരിച്ചത്.

സിഎ പഠനം പൂർത്തിയാക്കിയ സനോജ് ചേലക്കരയിലെ ഒരു സ്ഥാപനത്തിൽ സൂപ്പർ വൈസറായി ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടയിലാണ് ഡ്രൈവിങ് പഠനം പൂർത്തിയാക്കിയത്. ടെസ്റ്റ് നല്‍കാനായി അത്താണിയിലെ ഗ്രൗണ്ടിലേക്ക് ഓട്ടോറിക്ഷയിലാണ് സനോജ് എത്തിയത്. തിരിച്ച് ബസിൽ പോകാനായിരുന്നു തീരുമാനം. 

മടങ്ങാൻ നിൽക്കുന്നതിനിടയിലാണ് ചേലക്കര പങ്ങാരപ്പിള്ളി സ്വദേശി ഗോപാലകൃഷ്ണനെ (47) പരിചയപ്പെട്ടത്. ബൈക്കിൽ ഇദ്ദേഹത്തോടൊപ്പം തിരിക്കുകയായിരുന്നു. സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നതിനിടയിൽ ഹാർബറിലേക്ക് അസംസ്കൃത വസ്തുവുമായെത്തിയ ടോറസ് ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു.

പിറകിൽ യാത്ര ചെയ്തിരുന്ന സനോജ് ലോറിക്കടയിലേക്ക് തെറിച്ചു.

ഇരുവരേയും മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും സനോജിന്റെ മരണം സ്ഥിരീകരിച്ചു.

ടെസ്റ്റ് വിജയിച്ചതിന്റെ വലിയ ആഹ്ലാദത്തിലായിരുന്നു സനോജ്. വീട്ടുകാരെയും കൂട്ടുകാരെയുമൊക്കെ വിവരം വിളിച്ചറിയിച്ചിരുന്നു. അമ്മ-സ്വപ്ന, സഹോദരി നന്ദന.

അപകടമുണ്ടാക്കിയ ലോറിയും ഡ്രൈവറും പോലീസ് കസ്റ്റഡിയിലാണ്.

 

 

Latest News