ദാ നാങ് - അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്ന ആരോപണം തനിക്ക് അപമാനമുണ്ടാക്കിയെന്ന് റഷ്യൻ പ്രസിഡന്റ് വഌദിമിർ പുട്ടിൻ തന്നോട് പറഞ്ഞതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിയറ്റ്‌നാമിലെ ഏഷ്യ-പസിഫിക് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പുടിൻ ഇക്കാര്യം പറഞ്ഞത്. യു.എസ് തെരഞ്ഞെടുപ്പിൽ താൻ കൈകടത്തിയിട്ടില്ലെന്ന് പുടിൻ ഉറപ്പിച്ചു പറഞ്ഞതായും ട്രംപ് അറിയിച്ചു.
പുടിനെതിരായ ആരോപണങ്ങൾ രാഷ്ട്രീയപ്പോരിന്റെ ഭാഗം മാത്രമാണെന്ന് ട്രംപ് പിന്നീട് വിശദീകരിച്ചു. എന്നാൽ ട്രംപിന് അനുകൂലമായി തെരഞ്ഞെടുപ്പിൽ പുടിൻ ഇടപെട്ടു എന്നാണ് അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങളുടെ പൊതുവായ നിഗമനം. ഇക്കാര്യത്തിൽ അന്വേഷണം നടന്നുവരികയാണ്.
ഇക്കാര്യത്തിൽ പ്രസിഡന്റ് ട്രംപോ അദ്ദേഹത്തിന്റെ ടീമംഗങ്ങളോ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ യു.എസ് നീതിന്യായ വകുപ്പ് പ്രത്യേക അന്വേഷകനായി റോബർട്ട് മുള്ളറെ നിയമിച്ചിരുന്നു. പലർക്കും പങ്കുണ്ടെന്നാണ് ഇതുവരെ ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നത്. ട്രംപിന്റെ പ്രചാരണ ഉപദേഷ്ടാവായിരുന്ന ജോർജ് പപാഡോപലസ്, മാനേജർ പോൾ മാനഫോർട്ട് എന്നിവരുടെ പേരുകൾ ഇതിനകം ഉയർന്നിട്ടുണ്ട്. ഉച്ചകോടിക്കിടെ രണ്ടുമൂന്നു തവണ താൻ പുടിനുമായി ഹ്രസ്വ കൂടിക്കാഴ്ചകൾ നടത്തിയതായി ട്രംപ് പറഞ്ഞു.
അദ്ദേഹത്തോട് താൻ വീണ്ടും വീണ്ടും ചോദിച്ചു. ഇടപെട്ടിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
ആരോപണങ്ങളിൽ പുടിൻ അവഹേളിതനായിരിക്കുന്നു എന്നാണെനിക്ക് തോന്നുന്നത്. നമ്മുടെ രാജ്യത്തിന് ഇത് നല്ലതല്ല- ഹാനോയിലേക്കുള്ള യാത്രാമധ്യേ എയർഫോഴ്‌സ് വൺ വിമാനത്തിൽ ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.