Sorry, you need to enable JavaScript to visit this website.

കേരളത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള സി.പി.എം നീക്കം ചെറുത്തു തോൽപ്പിക്കണം -  വെൽഫെയർ പാർട്ടി

തിരുവനന്തപുരം- അധികാര തുടർച്ചക്കായി കേരളത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള സിപിഎം ശ്രമങ്ങൾ അനുവദിച്ചാൽ കേരളം സംഘ്പരിവാറിന്റെ സമ്പൂർണ നിയന്ത്രണത്തിലാകുന്ന ഭീതിജനകമായ സാഹചര്യം ഉണ്ടാകുമെന്നും ഇത് കേരളം ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ വെൽഫെയർ പാർട്ടി യു.ഡി.എഫുമായുണ്ടാക്കിയ പ്രാദേശിക ധാരണയെ ഭീകരവൽക്കരിച്ച്  കേരളത്തിൽ മുസ്‌ലിം  ഭീതി പരത്തി വിവിധ മതസമൂഹങ്ങളെ ഭിന്നിപ്പിക്കാൻ സി.പി.എം നേതൃത്വത്തിൽ ആസൂത്രിത ഗൂഢാലോചന നടന്നിരുന്നു. മീഡിയകളെയടക്കം ഉപയോഗിച്ച് പ്രചണ്ഡമായ വർഗീയ പ്രചാരണമാണ് സി.പി.എം നടത്തിയത്.


2015 ൽ കേരളത്തിൽ ഇടതു മുന്നണിയുമായി പാർട്ടി സമാനമായ പ്രാദേശിക ധാരണയുണ്ടാക്കുകയും നിരവധി തദ്ദേശ സ്ഥാപനങ്ങളിൽ അഞ്ച് വർഷം ആ ധാരണയിൽ ഭരണ പങ്കാളിത്തം വഹിക്കുകയും ചെയ്തതിന് കേരളം സാക്ഷ്യം വഹിച്ചതാണ്. 
തദ്ദേശ തെരഞ്ഞെടുപ്പിൽ നടത്തിയ വർഗീയ ധ്രുവീകരണ ശ്രമം വിജയിച്ചുവെന്ന സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തലിന് ശേഷമാണ് നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രം പയറ്റാൻ സി.പി.എം തീരുമാനിച്ചത്. പാർട്ടി സെക്രട്ടറി വിജയരാഘവന്റെ പ്രസ്താവന ഇതിന്റെ തുടക്കമാണ്. കൂടുതൽ ശക്തിയോടെ കേരളത്തിൽ വംശീയ വിദ്വേഷം വർധിപ്പിക്കാനാണ്  മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും ശ്രമിക്കുന്നത്. 


കേരളത്തെ ആത്യന്തികമായി സംഘ്പരിവാറിന്റെ പാളയത്തിലെത്തിക്കാനാണ് ഇത് ഇടവരുത്തുക. അപകടകരമായ ഈ നീക്കത്തിൽനിന്ന് സിപിഎമ്മിനെ തടഞ്ഞില്ലെങ്കിൽ കേരളം ത്രിപുരയാകും എന്ന് കേരള സമൂഹം തിരിച്ചറിയണം. 
റാന്നി പഞ്ചായത്തടക്കം വിവിധയിടങ്ങളിൽ എൽഡിഎഫും ബി.ജെ.പിയും തുടരുന്ന സഹകരണം വരാൻ പോകുന്ന അപകടത്തിന്റെ തുടക്കമാണ്. 
യു.ഡി.എഫുമായി നൂറോളം തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമാണ് വെൽഫെയർ പാർട്ടിക്ക് പ്രാദേശിക ധാരണയുണ്ടായിരുന്നത്. അതിൽ മുപ്പത്തഞ്ചോളം പഞ്ചായത്തുകളിൽ ഭരണം എൽ.ഡി.എഫിൽ നിന്ന് തിരിച്ചുപിടിക്കാൻ യുഡിഎഫിനായിട്ടുണ്ട്. 


അഴിമതിയിലും കെടുകാര്യസ്ഥതയിലും സ്വജന പക്ഷപാതത്തിലും പെട്ട് പ്രതിച്ഛായ നഷ്ടപ്പെട്ട ഇടതുപക്ഷത്തിനെതിരെ ജനവികാരം ഉയർത്തി കൊണ്ടുവരുന്നതിൽ യുഡിഎഫ് പരാജയപ്പെട്ടു. കോൺഗ്രസിനുള്ളിലെ ആഭ്യന്തര ഛിദ്രത ഇതിൽ പ്രധാന പങ്ക് വഹിച്ചു. അത് മറച്ചുവെക്കാനാണ്  കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ വെൽഫെയർ പാർട്ടിയുമായുണ്ടാക്കിയ നീക്കുപോക്കിനെ മറയാക്കുന്നത്. 
വെൽഫെയർ പാർട്ടി കേരളത്തിലെ ഒരു മുന്നണിയുടെയും ഭാഗമല്ല. ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാൻ അപേക്ഷ നൽകിയിട്ടുമില്ല. രാജ്യത്തെ നിലവിലെ സാമൂഹ്യ സാഹചര്യങ്ങൾക്കനുസരിച്ച് മതേതര പാർട്ടികളുമായി പലയിടത്തും സമര മുന്നണികളിൽ വെൽഫെയർ പാർട്ടി യോജിക്കാറുണ്ട്. പൗരത്വ പ്രക്ഷോഭത്തിലും കർഷക പ്രക്ഷോഭത്തിലും പശ്ചിമ ബംഗാളിൽ വെൽഫെയർ പാർട്ടിയും ഇടതുപക്ഷവും കോൺഗ്രസും ഇപ്പോഴും ഒരേ സമര മുന്നണിയിലാണുള്ളത്.


2015ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശിക പ്രശ്‌നങ്ങളിലൂന്നിയുള്ള സഹകരണം നിലനിൽക്കെ തന്നെയാണ് 2016ൽ കേരളത്തിൽ വെൽഫെയർ പാർട്ടി നിയമസഭയിലേക്ക് മത്സരിച്ചത്. നിയമസഭാ  പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പ്രശ്‌നങ്ങളാണ് വെൽഫെയർ പാർട്ടി ഉന്നയിക്കാറുള്ളത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെയും പാർട്ടി ഇങ്ങനെ തന്നെയാണ് സമീപിക്കുക. 
വെൽഫെയർ പാർട്ടി നീക്കുപോക്കിനെ ഉപയോഗിച്ച് കേരളത്തെ മതപരമായും ജാതീയമായും ഭിന്നിപ്പിച്ച് അധികാര നേട്ടമുണ്ടാക്കാനുള്ള സിപിഎം ശ്രമത്തെ കേരള സമൂഹം തള്ളിക്കളയണം.
സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ, സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 

Latest News