ദേശീയ 'പശു ശാസ്ത്ര' പരീക്ഷ വരുന്നു, ഇനി എല്ലാ വര്‍ഷവും; സൗജന്യമായി ആര്‍ക്കുമെഴുതാം

ന്യൂദല്‍ഹി- വിദ്യാര്‍ത്ഥികളും പൊതുജനങ്ങളിലും തദ്ദേശീയ പശുക്കളെ കുറിച്ചും അവയുടെ ഗുണങ്ങളെ കുറിച്ചും ബോധവല്‍ക്കരണം ലക്ഷ്യമിട്ട് ദേശീയ തലത്തില്‍ ഓണ്‍ലൈനായി പശു ശാസ്ത്ര പരീക്ഷ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാഷ്ട്രീയ കാമധേനു ആയോഗ് ആണ് വാര്‍ഷിക പരീക്ഷ സംഘടിപ്പിക്കുകയെന്ന് ചെയര്‍മാന്‍ വല്ലഭ്ഭായ് കഥിരിയ പറഞ്ഞു. പ്രഥമ പരീക്ഷ ഫെബ്രുവരി 25ന് നടക്കും. താല്‍പര്യമുള്ള സ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഫീസൊന്നും നല്‍കാതെ കാമധേനു ഗൗ വിജ്ഞാന്‍ പ്രചാര്‍-പ്രസാര്‍ പരീക്ഷ എഴുതാം. 

'പശു ശാസ്ത്രം' സംബന്ധിച്ച് കാമധേനു ആയോഗ് പ്രത്യേക പാഠ്യപദ്ധതിയും തയാറാക്കിയിട്ടുണ്ട്. പരീക്ഷയ്ക്ക് ഒബ്ജക്ടീവ് രീതിയിലുള്ള ചോദ്യങ്ങളായിരിക്കും. സിലബസ് സംബന്ധിച്ച വിവരങ്ങള്‍ ആയോഗിന്റെ വെബ്‌സൈറ്റില്‍ നല്‍കും. പരീക്ഷാ ഫലം ഉടനടി പ്രഖ്യാപിക്കുമെന്നും എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നും കഥിരിയ പറഞ്ഞു. മികച്ച സ്‌കോര്‍ നേടുന്നവര്‍ക്ക് സമ്മാനം നല്‍കും.
 

Latest News