Sorry, you need to enable JavaScript to visit this website.

 പ്രഖ്യാപനം പൂർണമായി, അൽഉല കരാറിൽ ഏഴു രാജ്യങ്ങളും ഒപ്പുവെച്ചു

അൽഉല, മദീന - ഒരേ ചരിത്രവും സംസ്‌കാരവും പങ്കുവെക്കുന്ന സഹോദരങ്ങൾ തമ്മിൽ മറക്കാനും പൊറുക്കാനുമാകാത്ത തർക്കങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഇല്ലെന്ന സന്ദേശം ലോകത്തിന് നൽകി, മൂന്നര വർഷത്തിലേറെ നീണ്ട ഗൾഫ് പ്രതിസന്ധിക്ക് അൽഉല ഉച്ചകോടിയോടെ അന്ത്യമായി. തർക്കങ്ങൾക്ക് പരിഹാരം കാണുകയും ഒരുമിച്ചുള്ള പ്രയാണത്തിന് ദിശാബോധം നൽകുന്ന മാർഗരേഖയായ അൽഉല പ്രഖ്യാപന കരാറിൽ ആറു ഗൾഫ് രാജ്യങ്ങളും ഈജിപ്തും ഒപ്പുവെച്ചു. 
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിലാണ് 41-ാമത് ഗൾഫ് ഉച്ചകോടി ചേർന്നത്. അൽഉല ഉച്ചകോടിക്ക് സുൽത്താൻ ഖാബൂസ്, ശൈഖ് സ്വബാഹ് ഉച്ചകോടിയെന്ന് നാമകരണം ചെയ്യാൻ സൽമാൻ രാജാവ് നിർദേശിച്ചതായി ഉദ്ഘാടന പ്രസംഗത്തിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. 
ഗൾഫ് രാജ്യങ്ങൾ തമ്മിലെ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് മുന്നോട്ടുവെച്ച്, മുപ്പത്തിയാറാമത് ഉച്ചകോടി അംഗീകരിച്ച കാഴ്ചപ്പാട് നടപ്പാക്കുന്ന കാര്യത്തിൽ മുൻവർഷങ്ങളിൽ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഈ വിഷൻ സാക്ഷാൽക്കരിക്കുന്ന ദിശയിൽ അവശേഷിക്കുന്ന ചുവടുവെപ്പുകൾ കൂടി പൂർത്തിയാക്കുന്നതിന് ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കേണ്ടത് ഏറെ പ്രധാനമാണെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. 
അൽഉല ഉച്ചകോടി ക്രിയാത്മകവും ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഐക്യവും സാഹോദരവ്യവും ഊട്ടിയുറപ്പിക്കുന്നതുമാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം പറഞ്ഞു. മേഖലയിലെ മാറ്റങ്ങൾ ശക്തമായ ഗൾഫ്, അറബ് സഹകരണം ആവശ്യപ്പെടുന്നതായും ശൈഖ് മുഹമ്മദ് പറഞ്ഞു. അൽഉല പ്രഖ്യാപന കരാറിൽ ഒപ്പുവെച്ച ശേഷം പുഞ്ചിരി തൂകി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ആഹ്ലാദം പ്രകടിപ്പിച്ചു. അൽഉല പ്രഖ്യാപന കരാറിൽ ഈജിപ്ത് ഒപ്പുവെച്ചതായി ഈജിപ്ഷ്യൻ വിദേശ മന്ത്രാലയം പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജരേദ് കുഷ്‌നറിന്റെ കൂടി സാന്നിധ്യത്തിലാണ് കരാറിൽ ഏഴു രാജ്യങ്ങളും ഒപ്പുവെച്ചത്. 

Latest News