Sorry, you need to enable JavaScript to visit this website.

ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍: നിറവേറ്റിയത് പ്രധാന വാഗ്ദനം- മുഖ്യമന്ത്രി

തിരുവനന്തപുരം- ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമായതിലൂടെ സംസ്ഥന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനമാണ് നിറവേറ്റപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കൊച്ചി-മംഗളൂരു പൈപ്പ് ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രത്തിന് സമര്‍പ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങളുടെ ന്യായമായ ആശങ്കകള്‍ പരിഹരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ എല്ലാ തടസങ്ങളും മറികടന്നത്. പ്രശ്‌നങ്ങള്‍ കാരണം 2014ല്‍ പൈപ്പ് ലൈനിന്റെ എല്ലാ പ്രവൃത്തിയും ഗെയില്‍ നിര്‍ത്തിവെച്ചതായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

450 കി.മീറ്റര്‍ നീളമുള്ള കൊച്ചി-മംഗളൂരു പൈപ്പ് ലൈനിന്റെ 414 കി.മീറ്ററും കേരളത്തിലാണ്. വലിയ വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ചെറിയ പ്രയാസങ്ങള്‍ നേരിടേണ്ടിവരുന്നത് സ്വാഭാവികമാണ്. എന്നാല്‍ പ്രയാസങ്ങള്‍ അവഗണിച്ചുകൊണ്ട് ജനങ്ങള്‍ പദ്ധതിയുമായി സഹകരിച്ചു. കാരണം, കേരളത്തിന്റെ സര്‍വതോന്മുഖമായ വികസനത്തിന് ഈ പദ്ധതി അനിവാര്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു.

നിരവധി കേസുകളും ഒരുപാട് പ്രതിഷേധങ്ങളും തരണം ചെയ്താണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലൂടെയും മലയോര മേഖലയിലൂടെയും നദികള്‍ക്കടിയിലൂടെയും പൈപ്പിടുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ ഗെയില്‍ ഉദ്യോഗസ്ഥര്‍ നിശ്ചയദാര്‍ഢ്യത്തോടെ പദ്ധതി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ചു. ഗെയില്‍ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ജില്ലാ ഭരണാധികാരികളും പൊലീസും വിവിധ സര്‍ക്കാര്‍ വകുപ്പുകളും തടസങ്ങള്‍ മറികടക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു. പ്രളയവും നിപ്പയും കോവിഡ് മഹാമാരിയും പോലുള്ള വെല്ലുവിളികള്‍ക്കിടയിലും തൊഴിലാളികള്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവെന്ന്  മുഖ്യമന്ത്രി പറഞ്ഞു
സിറ്റി ഗ്യാസ് വിതരണ ശ്രൃംഖല വ്യാപകമാക്കാന്‍ പൈപ്പ്‌ലൈന്‍ പൂര്‍ത്തീകരണം സഹായിക്കും. അതുവഴി, വീട്ടാവശ്യത്തിനുള്ള പ്രകൃതിവാതകത്തിന്റെ ലഭ്യത വര്‍ധിക്കും. ഫാക്ടിന്റെ വികസനത്തിനും നിര്‍ദിഷ്ട പെട്രോകെമിക്കല്‍സ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുന്നതിനും ഈ പദ്ധതി സഹായിക്കും. ഊര്‍ജരംഗത്തും ഇതു വലിയ വികസനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Latest News