ഗുജറാത്ത് ഇക്കുറി പുതുചരിത്രം  രചിക്കുമോ? 

ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിനു നിർണ്ണായകമായ ഒന്നായി വരുന്ന ഗുജറാത്ത് തെരഞ്ഞെുപ്പ് മാറുന്നു എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിപരമാവില്ല. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച് സവർണ്ണ ഹിന്ദുരാഷ്ട്രമെന്ന തങ്ങളുടെ അജണ്ടയിലേക്ക് ഒരടി കൂടി മുന്നേറാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്ക് തടയിടുക എന്ന മഹത്തായ ജനാധിപത്യ കടമ നിർവ്വഹിക്കാനുള്ള അവസരമാണ്, ആ ഫാസിസ്റ്റുകൾക്ക് ഇന്നോളം ഊർജ്ജം നൽകിയ ഗുജറാത്തിനുള്ളത്. അതേസമയം ഗാന്ധിജിയുടെ നാടും ഗുജറാത്താണെന്നത് പ്രതീക്ഷ നൽകുന്നു. 
തീർച്ചയായും ഇത്തരമൊരു രാഷ്ട്രീയ പോരാട്ടത്തിന്റെ ചുക്കാൻ കോൺഗ്രസ്സിന്റെ കൈവശം തന്നെയാണ്. ഇന്ത്യൻ രാ്രഷ്ടീയത്തിൽ പ്രസക്തി വർദ്ധിച്ചുവരുന്ന രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് അതിനായുള്ള ശ്രമം നടത്തുന്നുണ്ട്. ഗുജറാത്തിലെ സാമൂഹ്യരംഗത്ത് മികച്ച സ്വാധീനമുള്ള  ഹാർദിക്ക് പട്ടേൽ, അൽപ്പേഷ് ഠാക്കോർ, ജിഗ്‌നേഷ് മേവാനി തുടങ്ങിയ സാമുദായിക നേതാക്കളുമായി ഏറെക്കുറെ ധാരണയുണ്ടാക്കാൻ രാഹുലിനു കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തീർച്ചയായും അതൊരു ശുഭസൂചകമാണ്. ഗുജറാത്തു  തിരഞ്ഞെടുപ്പു ഒരു പ്രായോഗിക  രാഷ്ട്രീയ പ്രശ്‌നമായി  മാറിയിരിക്കുന്നു. ഫാസിസത്തെ തടയുക എന്ന ഒറ്റ അജണ്ടയിൽ മറ്റെല്ലാ തർക്കങ്ങളും മാറ്റി വെക്കേണ്ട സന്ദർഭം. അതു നിർവ്വഹിക്കുന്നതിൽ തങ്ങളുടെ പങ്കുവഹിക്കലാണ് ഏതൊരു ജനാധിപത്യ പ്രസ്ഥാനത്തിന്റേയും കടമ. നിതീഷ് കുമാറിനെ തന്റെ പക്ഷത്തെത്തിച്ചതോടെ അജയ്യരായി എന്നു കരുതുന്ന മോഡി - അമിത് ഷാ കൂട്ടുകെട്ടിനു പ്രഹരമേൽപ്പിക്കൽ മാത്രമാണ് ഗുജറാത്തിൽ ചെയ്യാനുള്ളത്. 
തീർച്ചയായും കോൺഗ്രസ്സിനെ സംബന്ധിച്ച് ഗുജറാത്ത്  തിരഞ്ഞെടുപ്പു ഫലം വളരെ പ്രധാനമാണ്. അതു മോശമായാൽ പാർട്ടിയിലെ വടക്കേ ഇന്ത്യൻ ഹിന്ദു നേതാക്കളിൽ ഒരു നല്ല വിഭാഗം പാർട്ടി വിട്ടു ബി ജെ പിയിൽ പോകുമെന്നുറപ്പ്. അതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പും ബിജെപിക്ക് എളുപ്പമാകും. ഈ സാഹചര്യത്തിൽ കോൺഗ്രസ്സ് ജയിക്കേണ്ടതും ജനാധിപത്യത്തിന്റെ വിജയത്തിന് അനിവാര്യമാകുന്നു. അതിനിടയിൽ പുറത്തുവന്ന സോളാർ റിപ്പോർട്ട് അഖിലേന്ത്യാ തലത്തിൽ തന്നെ കോൺഗ്രസ്സിനു ക്ഷീണമുണ്ടാക്കി എന്നതു വേറെ കാര്യം. 
തീർച്ചയായും ഗുജറാത്തിൽ നല്ല നിലയല്ല ബിജെപിയുടേത്. ബി.ജെ.പിക്കെതിരെ ക്യാംപെയ്നുമായി ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹ തന്നെ രംഗത്തെത്തിയിട്ടുണ്ട്.  ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന ലോക്ഷാഹി ബച്ചാവോ അഭിയാൻ ക്യാംപെയ്നിലാണ് സിൻഹ പങ്കെടുക്കുന്നത്.  നോട്ട് നിരോധനമുൾപ്പെടെയുള്ള വിഷയങ്ങളിൽ കടുത്ത വിമർശനവുമായി യശ്വന്ത് സിൻഹ രംഗത്തെത്തിയിരുന്നു. നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ല് തകർത്തുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ജി.എസ്.ടിയേയും അദ്ദേഹം വിമർശിച്ചു. അഭിപ്രായ സർവേകളെല്ലാം ബിജെപിക്ക് വൻ വിജയം പ്രവചിക്കുമ്പോഴും സംഘപരിവാർ ക്യാമ്പ് ആശങ്കയിൽ തന്നെയാണ്. നോട്ട് അസാധുവാക്കലും ജിഎസ്ടിയും സൃഷ്ടിച്ച അസ്വസ്ഥതകളും തുടർച്ചയായി നടന്ന ദളിത്- ഒബിസി- പട്ടേൽ പ്രക്ഷോഭങ്ങളുമാണ് ബിജെപിയെ അസ്വസ്ഥമാക്കുന്നത്. 
ഗുജറാത്തിൽ 1995 മുതൽ തുടർച്ചയായി അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലാണ് ബിജെപി ജയിച്ചത്. ഓരോ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തേക്കാൾ 10 ശതമാനത്തോളം വോട്ട് നേടാൻ അവർക്ക് കഴിഞ്ഞിരുന്നു. ഹിന്ദുത്വ കാർഡുയർത്തി കോൺഗ്രസിന്റെ പരമ്പരാഗത വോട്ടു ബാങ്കിൽ വിള്ളൽവീഴ്ത്തിയാണ് ബിജെപി മുന്നേറിയത്. മുന്നോക്ക ക്ഷത്രിയവിഭാഗക്കാരും ന്യൂനപക്ഷങ്ങളും ദളിത്- ആദിവാസി വിഭാഗങ്ങളുമായിരുന്നു കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുബാങ്ക്. അതിലാണ് വിള്ളലുണ്ടായത്. 182 നിയമസഭാ സീറ്റുള്ള ഗുജറാത്തിൽ 2012 ലെ തെരഞ്ഞെടുപ്പിൽ 115 സീറ്റാണ് ബിജെപി നേടിയത്. കോൺഗ്രസ് 61 സീറ്റും. ഇതിൽ ഇരുപതോളം എംഎൽഎമാർ പിന്നീട് ശങ്കർസിങ് വഗേലയ്‌ക്കൊപ്പം കോൺഗ്രസ് വിട്ടു. 2012ൽ 48 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. കോൺഗ്രസിന് 39ഉം. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടുവിഹിതം 60 ശതമാനമായി ഉയർത്തിയ ബിജെപി ആകെയുള്ള 26 സീറ്റിലും വിജയിച്ചു. എന്നാൽ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം സ്ഥിതിഗതികളിൽ വലിയ മാറ്റംവന്നു. സംസ്ഥാന സർക്കാരിനെതിരായി ഉയർന്ന വിവിധ പ്രക്ഷോഭങ്ങളാണ് ബിജെപിക്ക് തിരിച്ചടിയായത്. ഉനാ സംഭവത്തെതുടർന്നുള്ള ദളിത് പ്രക്ഷോഭവും സംവരണം ആവശ്യപ്പെട്ടുള്ള പട്ടേൽ പ്രക്ഷോഭവും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒബിസി വിഭാഗങ്ങൾ കൂട്ടായി നടത്തിയ പ്രക്ഷോഭവും കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു. സർവേകൾ ബിജെപിക്ക് ഭൂരിപക്ഷം പ്രവചിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ വാശിയേറിയ മത്സരത്തിനാണ് ഗുജറാത്ത് വേദിയാവുക. മൂന്നു സാമുദായിക നേതാക്കളും സജീവമായി രംഗത്തിറങ്ങിയാൽ ചിത്രം മാറുമെന്നുറപ്പ്. ജിഎസ്ടി മൂലം കനത്ത പ്രതിസന്ധിയിലുള്ള ചെറുകിട വ്യാപാരി - വ്യവസായികളുടെ നിലപാടും നിർണ്ണായകമാകും.  പഞ്ചാബിലും കേരളത്തിലും മഹാരാഷ്ട്രയിലും ഡൽഹിയിലുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ മാസങ്ങളിൽ നടന്ന പല തെരഞ്ഞെടുപ്പുകളിലും വലിയ തിരിച്ചടികളാണ് സംഘപരിവാറിന് നേരിടേണ്ടി വന്നിട്ടുള്ളത്. രാജ്യത്തെ പ്രമുഖ സർവ്വകലാശാലകളിൽ എബിവിപിയും കനത്ത തിരിച്ചടി നേരിട്ടു. അതിനാൽ തന്നെ ബിജെപി ക്യാമ്പ് ആശങ്കയിലാണ്. 
അതിനിടെ മുസ്ലിം ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാനുള്ള ശ്രമം ബിജെപി ശക്തമാക്കി. ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്ന മുസ്‌ലിം സ്ഥാനാർത്ഥികളുടെ എണ്ണം കൂടുമെന്ന് റിപ്പോർട്ട്. ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ അവസരം നൽകി അവരുടെ പിന്തുണ ഉറപ്പാക്കാനുള്ള ബി.ജെ.പിയുടെ നീക്കമാണ് ഇതിനു പിന്നിൽ. കൂടുതൽ സീറ്റ് വേണമെന്ന് ബി.ജെ.പിയുടെ ന്യൂനപക്ഷ മോർച്ചയും ആവശ്യപ്പെട്ടിട്ടുണ്ട്. 2011ൽ നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേയാണ് ന്യൂനപക്ഷങ്ങളെ ആകർഷിക്കുന്നതിനായി സദ്ഭാവന മിഷൻ കൊണ്ടുവന്നത്. എന്നാൽ 2012ലെ തെരഞ്ഞെടുപ്പിൽ മുസ്‌ലിം സ്ഥാനാർത്ഥികളെ പ്രോത്സാഹിപ്പിക്കാൻ ബി.ജെ.പി തയ്യാറാകാതെ വന്നതോടെ സദ്ഭാവന നീക്കം പരാജയപ്പെട്ടു. 2015ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ന്യൂനപക്ഷങ്ങൾക്ക് നൽകാൻ തയ്യാറായതോടെ കൂടുതൽ സീറ്റുകൾ പിടിച്ചടക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു. 350 ഓളം സീറ്റുകളിലാണ് ന്യൂനപക്ഷ സ്ഥാനാർത്ഥികൾ വിജയിച്ചത്. എന്നാൽ നിയമസഭയിലേക്ക് ഈ നീക്കം എത്രത്തോളം വിജയകരമാകുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും. 
മറുവശത്ത് മറ്റു സാമൂഹ്യവിഭാഗങ്ങളുമായി ചർച്ചകൾ നടത്തുന്ന രാഹുൽ ഗാന്ധി മുസ്‌ലിം വിഭാഗങ്ങളെ അവഗണിക്കുന്നു എന്ന തോന്നൽ ഗുജറാത്തിൽ രൂപം കൊള്ളുന്നതായി റിപ്പോർട്ടുണ്ട്. 1980ൽ കോൺഗ്രസിനു 17 മുസ്ലിം സ്ഥാനാർഥികളുണ്ടായി. ഇതിൽ 12 പേരും വിജയിച്ചു. 1985ൽ മുസ്ലിം സ്ഥാനാർഥികൾ 11 ആയി ചുരുങ്ങി. 8 പേരാണ് അന്നു വിജയിച്ചത്. 1990ൽ മൽസരിച്ച 11 പേരിൽ രണ്ടു പേർ മാത്രമാണ് വിജയിച്ചത്. അതോടെ സ്ഥിതി മാറി. 1995ൽ കോൺഗ്രസ് മൽസരിപ്പിച്ചത് ഒരേയൊരു മുസ്ലിം സ്ഥാനാർഥിയെ ആണ്. അയാൾ വിജയിക്കുകയും ചെയ്തു. ബാബ്‌രി മസ്ജിദിൻെറ തകർച്ചക്കു ശേഷമുളള ആ തിരഞ്ഞെടുപ്പിൽ മൃദു ഹിന്ദുത്വം പയറ്റിയ കോൺഗ്രസിന് അധികാരവും നഷ്ടമായി. ആദ്യമായി ബി.ജെ.പി അധികാരത്തിലെത്തി. 1998ൽ കോൺഗ്രസ്സ് എട്ട് മുസ്ലിം സ്ഥാനാർഥികളെ മൽസരിപ്പിച്ചു. ഇതിൽ അഞ്ച് പേർ വിജയിച്ചു. മോഡി ഇടക്കാല മുഖ്യമന്ത്രി ആയ ശേഷം 2002ൽ നടന്ന തിരഞ്ഞെടുപ്പിൽ  അത് അഞ്ചായി ചുരുങ്ങി. 2007ൽ  ആറ് മുസ്ലിം സ്ഥാനാർഥികൾ കോൺഗ്രസ് ടിക്കറ്റിൽ മൽസരിച്ചതിൽ അഞ്ച് പേരും വിജയിച്ചു. 2012ലെ തിരഞ്ഞെടുപ്പിൽ മുസ്ലിം സ്ഥാനാർഥികളുടെ എണ്ണം വീണ്ടും ചുരുങ്ങി. അഞ്ച് സ്ഥാനാർഥികളിൽ രണ്ടു പേരാണ് വിജയിച്ചത്. ഇക്കുറി മറ്റു വിഭാഗങ്ങൾക്ക് പ്രാമുഖ്യം നൽകുമ്പോൾ ന്യൂനപക്ഷങ്ങളെ അവഗണിച്ചാൽ അതു കോൺഗ്രസ്സിനു വിനയാകുമെന്ന് നിരീക്ഷകർ കരുതുന്നു.
ഡിസംബർ 9, 14 തീയതികളിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ ഒൻപതിന് നടക്കുന്ന ആദ്യ ഘട്ടത്തിൽ 89 മണ്ഡലങ്ങളിലേക്കും പതിനാലിന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ 93 മണ്ഡലങ്ങളുടെയും ജനവിധി കുറിക്കപ്പെടും. ഗുജറാത്ത് ചരിത്രമെഴുതുമോ എന്ന്  ഡിസംബർ 18ന് അറിയാം.
 

Latest News