Sorry, you need to enable JavaScript to visit this website.
Monday , January   25, 2021
Monday , January   25, 2021

അതിവേഗം മുങ്ങിത്താഴുന്ന നഗരങ്ങൾ 

മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധം കാലാവസ്ഥാ മാറ്റങ്ങളിലൂടെയാണ് ലോകം  കടന്നുപോകുന്നത്.  ആഗോള താപനവും കഠിനമായ വൾച്ചയും അപ്രതീക്ഷിത  മഴയും കൊടുങ്കാറ്റുമെല്ലാം ഇപ്പോൾ ജീവിതത്തിന്റെ ഭാഗമായി മാറി.  കാലാവസ്ഥ വ്യതിയാനങ്ങൾ ലോകത്തെ തകർത്തു കളയാൻ ശക്തിയുള്ളതാണ് എന്നതാണ് യാഥാർത്ഥ്യം. ഇത് സാരമായി ബാധിക്കുവാൻ പോകുന്നത് ലോകത്തിലെ അതിമനോഹരങ്ങളായ ചില നഗരങ്ങളെയാണ്. ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കണമെന്ന് സഞ്ചാരികൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഈ നഗരങ്ങൾ ഇന്ന് വെള്ളത്തിനടിയിലേക്കു നീങ്ങുകയാണ്. മിക്ക നഗരങ്ങളും ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനായി സവിശേഷമായ പരിഹാരങ്ങൾ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും ചിലർ ഇതുവരെയും ഒരു തീരുമാനമെടുത്തിട്ടില്ല. അത്തരം നഗരങ്ങളിൽ പകുതിയും ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മുങ്ങിപ്പോകുമെന്നാണ് കരുതപ്പെടുന്നത്. ലോകത്തിലെ അതിവേഗം മുങ്ങുന്ന നഗരങ്ങളുടെ  പട്ടിക ഇതാ.


ലോകത്തിലെ ഏറ്റവും മനോഹര നഗരങ്ങളിലൊന്നാണ് ജക്കാർത്ത. സഞ്ചാരികളുടെ പ്രിയസങ്കേതമായ ജക്കാർത്തയാണ് മുങ്ങിപ്പോകുന്ന നഗരങ്ങളുടെ പട്ടികയിൽ ആദ്യം.  കണക്കുകളനുസരിച്ച് ഓരോ വർഷവും 6.7 ഇഞ്ച് വീതം നഗരം വെള്ളത്തിനടിയിലാകുന്നുണ്ട്. അമിതമായ ഭൂഗർഭജല പമ്പിംഗാണ് ഇതിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്. നിലവിലെ സ്ഥിതി തുടർന്നാൽ വൈകാതെ  നഗരം വെള്ളത്തിനടിയിലാകുമെന്നാണ് കരുതപ്പെടുന്നത്. ഇതിൽനിന്നും മാറ്റത്തിനായി ഇന്തോനേഷ്യൻ സർക്കാർ തലസ്ഥാനം ജാവയിൽ നിന്നും 100 മൈൽ അകലെ മറ്റൊരിടത്തേയ്ക്ക് മാറ്റുവാൻ പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്. ഇതുവഴി 10 മില്യൺ വരുന്ന നഗരവാസികളെ വെള്ളത്തിനടിയിലാകുന്നതിൽ നിന്നും രക്ഷിക്കാമെന്നാണ് കരുതുന്നത്.  33 ബില്യൺ ഡോളർ ചെലവഴിച്ചുള്ള പദ്ധതി നടപ്പാകണമെങ്കിൽ 10 വർഷം സമയമെടുക്കും. ആഫ്രിക്കയിലെ ഏറ്റവുമധികം ജനങ്ങളുള്ള നഗരങ്ങളിലൊന്നായ ലാഗോസും ഇതേ ഭീതിയിലാണ്. കുറഞ്ഞ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം എപ്പോൾ വേണമെങ്കിലും വെള്ളത്തിനടിയിലായേക്കാം. 
 നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള സമുദ്രനിരപ്പ് 6.6 അടി ഉയരുമെന്നാണ് പഠനങ്ങൾ പറയുന്നത്.  ബംഗ്ലാദേശിലെ ധാക്കയും സമാനമായ ഭീതി നേരിടുന്ന നഗരമാണ്. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന മലിനീകരണത്തിന്റെ 0.3% ബംഗ്ലാദേശിന്റെ ഭാഗത്തു നിന്നാണെങ്കിലും രാജ്യം നേരിടുന്ന ഭീഷണി അതിലും വലുതാണ്. സമുദ്രനിരപ്പ് ഉയരുന്നതിന്റെ ഏറ്റവും വലിയ പ്രത്യാഘാതങ്ങൾ രാജ്യം അഭിമുഖീകരിക്കുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഓരോ വർഷവും 0.08 ഇഞ്ച് എന്ന നിരക്കിൽ വെനീസ് വെള്ളത്തിനടിയിലായിക്കൊണ്ടിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കുന്നതിനായി ഇറ്റലി 2003 ൽ മൂന്ന് കവാടങ്ങളിലായി 78 ഗേറ്റുകൾ അടങ്ങിയ ഒരു വെള്ളപ്പൊക്ക തടസ്സം നിർമ്മിക്കാൻ ആരംഭിച്ചിരുന്നു. 2011 ൽ നിർമ്മാണം പൂർത്തിയാകേണ്ടത് ആയിരുന്നുവെങ്കിലും നിലവിൽ 2022 ഓടെ മാത്രമേ നിർമ്മാണം പൂർത്തിയാവുകയുള്ളൂ എന്നാണ് കരുതുന്നത്.  അമിതമായ ഭൂഗർഭജല പമ്പിങ് കാരണം ഓരോ വർഷവും രണ്ട് ഇഞ്ച് എന്ന കണക്കിൽ വെള്ളത്തിനടിയിലേക്ക് താഴുകയാണ് അമേരിക്കയിലെ ഹൂസ്റ്റണിലെ ചില ഭാഗങ്ങൾ. ഹൂസ്റ്റൺ കൂടുതൽ മുങ്ങുമ്പോൾ, ഹാർവി ചുഴലിക്കാറ്റ് പോലുള്ള ദുരന്തങ്ങൾ കുറഞ്ഞ ഇടവേളകളിൽ കൂടുതൽ ആവർത്തിക്കുമെന്നാണ് കരുതപ്പെടുന്നത്. സമുദ്രനിരപ്പ് അതിവേഗം ഉയർന്നുകൊണ്ടിരിക്കുന്ന ഇടങ്ങളിലൊന്ന് വിർജീനിയ ബീച്ച് ആണ്. ജലനിരപ്പ് ഉയരുന്നതുമൂലം ഇവിടം വേഗത്തിൽ വെള്ളത്തിനടിയിലാകുന്നു. 


പ്രതിവർഷം ഒരു സെൻറീമീറ്റർ വീതം വെള്ളത്തിനടിയിലേക്ക് മുങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരു നഗരമാണ് ബാങ്കോക്ക്. 2016 ലെ നാസയുടെ ചില പഠനങ്ങൾ അനുസരിച്ച് ന്യൂ ഓർലാൻസ് 2 ഇഞ്ച് വീതമാണ് ഓരോ വർഷവും വെള്ളത്തിനടിയിലേക്ക് പോകുന്നത്. ഈ സ്ഥിതി തുടർന്നാൽ 2100 ഓടെ ഇവിടം മുഴുവനായും വെള്ളത്തിനടിയിലാകുമത്രെ. റോട്ടർഡാം നഗരത്തിന്റെ 90% സമുദ്രനിരപ്പിന് താഴെയാണ്. സമുദ്രനിരപ്പ് ഉയരുമ്പോൾ വെള്ളപ്പൊക്ക സാധ്യത വർദ്ധിക്കുന്നു. ലോകത്തിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് മിയാമിയുടെ സമുദ്രനിരപ്പ് അതിവേഗം ഉയരുകയാണ്, ഇതിന്റെ ഫലമായി വെള്ളപ്പൊക്കം, മലിനമായ കുടിവെള്ളം, വീടുകൾക്കും റോഡുകൾക്കും വലിയ നാശനഷ്ടം തുടങ്ങിയവയെല്ലാം സംഭവിക്കുമെന്നാണ് കരുതുന്നത്. നിലവിൽ ഇവിടുത്തെ സ്ഥിതി ഗുരുതരമല്ലെങ്കിലും ഭീഷണി നിലനിൽക്കുന്നു.

Latest News