ഉന്നത ഓഫീസറായ മകള്‍ക്ക് അച്ഛന്റെ സല്യൂട്ട്; ആന്ധ്രാ പോലീസിന്റെ അപൂര്‍വ ചിത്രം വൈറലായി

ചിറ്റൂര്‍- ആന്ധ്രാ പ്രദേശിലെ തിരുപ്പതിയില്‍ നടന്നു വരുന്ന സംസ്ഥാന പോലീസ് ഡ്യൂട്ടി മീറ്റ് ഒരു അപൂര്‍വ ദൃശ്യത്തിന് വഴിയൊരുക്കി. ഡിഎസ്പി ആയ മകളെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ അച്ഛന്‍ സല്യൂട്ട ചെയ്യുന്ന അപൂര്‍വ്വതയ്ക്കാണ് ഞായറാഴ്ച ഈ പരിപാടിക്കെത്തിയവര്‍ സാക്ഷിയായത്. ഗുണ്ടൂര്‍ ജില്ലാ ഡിഎസ്പി യെന്തുലുരു ജെസ്സി പ്രശാന്തിയെ ഡ്യൂട്ടിക്കിടെ ആദ്യമായി കണ്ടുമുട്ടിയ അച്ഛന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈ ശ്യാം സുന്ദര്‍ സല്യൂട്ട് ചെയ്തത് അച്ഛന്റേയും മകളുടേയും മാത്രമല്ല, കണ്ടു നിന്നവരുടെ എല്ലാം കണ്ണില്‍ ആനന്ദക്കണ്ണീര്‍ നിറച്ചു. 2018 ബാച്ച് ഐപിഎസ് ഓഫീസറായ ജസി പ്രശാന്തി സര്‍വീസില്‍ പ്രവേശിച്ചതിനു ശേഷം ആദ്യമായാണ് ഡ്യൂട്ടിക്കിടെ കീഴുദ്യോഗസ്ഥനായ അച്ഛനെ കണ്ടുമുട്ടുന്നത്. അച്ഛന്‍ എന്നെ സല്യൂട്ട് ചെയ്യുന്നത് അസ്വസ്ഥതയുണ്ടാക്കി. അങ്ങനെ ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ അതു സംഭവിച്ചു. ഞാന്‍ മറുപടി സല്യൂട്ടും ചെയ്തു- ജസി പ്രശാന്തി പറഞ്ഞു. 'അദ്ദേഹത്തെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. എന്റെ ഏറ്റവും വലിയ പ്രചോദനവും അച്ഛനാണ്. അദ്ദേഹത്തിന്റെ സേവനം കണ്ടാണ് ഞാനും പോലീസിലെത്തിയത്'- അവര്‍ പറഞ്ഞു. ആന്ധ്ര പോലീസ് തന്നെ ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചു.

Latest News